മുക്കത്ത് ലീഗ് വിമതന്റെ പിന്തുണയോടെ അധികാരത്തില്‍ വരുമെന്ന് സിപിഎം
പിന്തുണ തേടി എൽഡിഎഫ് നേതാക്കൾ ലീഗ് വിമതന് അബ്ദുല്‍ മജീദുമായി ചർച്ച നടത്തിയിട്ടുണ്ട്.

മുക്കം മുന്‍സിപ്പാലിറ്റിയില്‍ ലീഗ് വിമതന്റെ പിന്തുണയോടെ എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ. പ്രാദേശികമായി അക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും മോഹനൻ പറഞ്ഞു.
പിന്തുണ തേടി എൽഡിഎഫ് നേതാക്കൾ ലീഗ് വിമതന് അബ്ദുല്‍ മജീദുമായി ചർച്ച നടത്തിയിട്ടുണ്ട്. യുഡിഎഫ് നേതാക്കൾ ബന്ധപ്പെട്ടെങ്കിലും അബ്ദുല്‍ മജീദുമായി ലീഗ് നേതൃത്വം ഇതുവരെ സംസാരിച്ചിട്ടില്ല.
ഇരുമുന്നണികളും 15 വീതം സീറ്റുകളാണ് മുക്കത്ത് നേടിയത്. ആകെയുള്ള 33 സീറ്റുകളിൽ രണ്ട് സീറ്റ് എൻ.ഡി.എക്കാണ്. ഇരട്ടക്കുളങ്ങര ഡിവിഷനിൽ നിന്ന് സ്വതന്ത്രനായാണ് ലീഗ് വിമതൻ അബ്ദുൽ മജീദ് മത്സരിച്ച് ജയിച്ചത്.
ലീഗ് മണ്ഡലം സെക്രട്ടറിയുടെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് വിമതനായി മത്സരിച്ചതെന്ന് മജീദ് പറഞ്ഞു. ഭരിക്കാൻ ആരുടെ കൂടെ നില്‍ക്കണമെന്ന് വോട്ട് തന്ന ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നാണ് അബ്ദുൽ മജീദ് ഇന്നലെ പറഞ്ഞത്.