LiveTV

Live

Kerala

കൊല്ലത്ത് കോണ്‍ഗ്രസിന് വിനയായത് ഗ്രൂപ്പുകളി

സീറ്റ് കിട്ടിയില്ലെങ്കിൽ ചീമുട്ട എറിയുമെന്ന് വരെ കെ.എസ്.യു നേതാക്കൾ വെല്ലുവിളിച്ചു

കൊല്ലത്ത് കോണ്‍ഗ്രസിന് വിനയായത് ഗ്രൂപ്പുകളി

കൊല്ലത്ത് യു.ഡി.എഫിന്റെ അടിത്തറ ഇളക്കിയാണ് എൽ.ഡി.എഫ് മുന്നേറ്റം വീണ്ടും ഉണ്ടായിരിക്കുന്നത്. വിമതരെ പരമാവധി ഒഴിവാക്കാനായെങ്കിലും ഗ്രൂപ്പ് കളിമൂലം യുഡിഎഫ് തകർന്നടിഞ്ഞു.

കൊല്ലം ഡി.സി.സി പ്രസിഡന്‍റ് എന്ന നിലയിൽ ബിന്ദുകൃഷ്ണ കൊല്ലത്ത് നടത്തിയത് ഒറ്റയാൾ പോരാട്ടമായിരുന്നു. വിമത ശല്യം ബിന്ദു കൃഷ്ണ പരമാവധി ഒഴിവാക്കിയെങ്കിലും ഗ്രൂപ്പ് രാഷ്ട്രീയം തിരിഞ്ഞ് കുത്തി. കൊല്ലം കോർപറേഷനിലും ജില്ലാ പഞ്ചായത്തിലും സ്ഥാനാർഥിയെ പ്രഖ്യാപിക്കവെ സീറ്റ് കിട്ടിയില്ലെങ്കിൽ ചീമുട്ട എറിയുമെന്ന് വരെ കെ.എസ്.യു നേതാക്കൾ വെല്ലുവിളിച്ചു. തമ്മിലടിയാണ് കൊല്ലത്ത് യു.ഡി.എഫിനെ ദയനീയമായി തോൽപ്പിച്ചത്.

പ്രതിഷേധങ്ങൾക്ക് പിന്നിൽ ജില്ലയിലെ മുതിർന്ന കൊണ്‍ഗ്രസ് നേതാക്കൻമാരാണെന്ന് നേതൃത്വം പറയുന്നു. അതേസമയം യു.ഡി.എഫ് തകർന്നപ്പോൾ ജില്ലയിൽ നേട്ടം കൊയ്തത് ബി.ജെ.പിയാണ്. യു.ഡി.എഫിന്‍റെ സിറ്റിങ് സീറ്റുകളിൽ പലതിലും കടന്ന് കയറാനും ബി.ജെ.പി.ക്കായി. ചെറു പാർട്ടികൾ ഇത് മുൻകൂട്ടി കണ്ടത് കൊണ്ട് ജില്ലയിലെ മലയോര മേഖലയിൽ അവർക്ക് പ്രതിരോധിക്കാൻ സാധിച്ചു.

ഇടത് തരംഗം ആഞ്ഞ് വീശിയപ്പോൾ 55 ഡിവിഷനുള്ള കൊല്ലം കോർപറേഷനിൽ കോണ്‍ഗ്രസ് ആറിൽ ഒതുങ്ങി. ആർ.എസ്.പി ഒഴികെ ഘടക കക്ഷികൾക്ക് ഒന്നും കിട്ടിയില്ല. എസ്.ഡി.പി.ഐ സിറ്റിങ് സീറ്റ് നിലനിർത്തിയപ്പോൾ ബി.ജെ.പി കോൺഗ്രസിനോപ്പം കോർപറേഷനിൽ രണ്ടാമത്തെ കക്ഷിയായി. 15 ഡിവിഷനുകളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയതോടെ കോൺഗ്രസിൻറെ അടിവേര് ഇളകി. കോർപറേഷൻ വിധി പ്രഖ്യാപനം നടന്ന തേവള്ളി ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിൽ യു.ഡി.എഫിന്‍റെ കൊടിയോ പ്രവർത്തകരോ ഉണ്ടായിരുന്നില്ല. അതേസമയം ആരോപണങ്ങളുടെ മുൾമുനയിലും കോർപറേഷനിൽ നില മെച്ചപ്പെടുത്താനായി എന്നത് സിപിഎമ്മിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.