LiveTV

Live

Kerala

പാലക്കാട് വലിയ നേട്ടമുണ്ടാക്കി കോണ്‍ഗ്രസ് വിമതര്‍

കോൺഗ്രസ് വിമതരുടെ കൂടെ ചേർന്നാണ് എൽഡിഎഫ് പട്ടാമ്പി നഗരസഭയിലെ ഭരണം പിടിച്ചത്

പാലക്കാട് വലിയ നേട്ടമുണ്ടാക്കി കോണ്‍ഗ്രസ് വിമതര്‍

പാലക്കാട് ജില്ലയിൽ കോൺഗ്രസിന് തിരിച്ചടി ഉണ്ടായപ്പോൾ കോൺഗ്രസ് വിമതർ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. കോൺഗ്രസ് വിമതരുടെ കൂടെ ചേർന്നാണ് എൽഡിഎഫ് പട്ടാമ്പി നഗരസഭയിലെ ഭരണം പിടിച്ചത്. കെ.പി.സി.സി സെക്രട്ടറി മത്സരിച്ച പാലക്കാട് നഗരസഭ ഡിവിഷനിൽ വിമതൻ വിജയിക്കുകയും കെ.പി.സി.സി സെക്രട്ടറി പി.ബാലഗോപാൽ നാലാം സ്ഥാനത്തേക്ക് പോവുകയും ചെയ്തു.

പാലക്കാട് ജില്ലയിൽ കോൺഗ്രസിന് ആധിപത്യം ഉണ്ടായിരുന്ന പട്ടാമ്പി, ചിറ്റൂർ നഗരസഭകൾ നഷ്ടമായി. ടി.പി ഷാജിയുടെ നേതൃത്വത്തിലുളള വിമതർ മത്സരിച്ച 6 സീറ്റിലും വിജയിച്ചു. വിമതരുടെ സഹായത്തോടെ എൽ.ഡി.എഫ് അധികാരത്തിലെത്തും.

സ്ഥാനാത്ഥി നിർണയത്തിലെ തർക്കം മൂലമാണ് പലയിടത്തും വിമതർ മത്സരിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന കെ. ഭവദാസ് 572 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാലക്കാട് നഗരസഭയിലെ 11ആം ഡിവിഷനിൽ വിജയിച്ചത്. പാലക്കാട് നഗരസഭയിലെ 24ആം ഡിവിഷനിൽ കെ.പി.സി.സി സെക്രട്ടറി പി.ബാലഗോപാലാണ് മത്സരിച്ചത്. കോൺഗ്രസ് വിമതനായ ബഷീർ 231 വോട്ടിന് വിജയിച്ചു. ബിജെപിക്കും എല്‍ഡിഎഫിനും താഴെ നാലാം സ്ഥാനത്ത് മാത്രമാണ് ബാലഗോപാൽ എത്തിയത്.

വിമതരുടെ സഹായത്തോടെ എവിടെയും അധികാരം വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് മൂന്ന് മെമ്പർമാർ ഉണ്ടായിരുന്നു. ഇത്തവണ യുഡിഎഫിന് 3 സീറ്റ് ലഭിച്ചെങ്കിലും രണ്ടെണ്ണത്തിൽ ലീഗാണ് വിജയിച്ചത്. ഭരണം ലഭിച്ച മണ്ണാർക്കാട് നഗരസഭയിൽ 14 സീറ്റിൽ 11ഉം ലീഗാണ് വിജയിച്ചത്. വിമത നീക്കത്തിന്റെ പേരിൽ കോൺഗ്രസ് പുറത്താക്കിയവർ വിജയം വരിക്കുകയും പാർട്ടി സ്ഥാനാര്‍ത്ഥികൾ പരാജയപ്പെടുകയും ചെയ്യുന്നത് കോൺഗ്രസിനകത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.

നഗരസഭകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്

ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫ് കഴിഞ്ഞ തവണത്തെ ആധിപത്യം നിലനിർത്തി. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിൽ മുഴുവൻ സീറ്റിലും എല്‍ഡിഎഫ് വിജയിച്ചതിനാൽ പ്രതിപക്ഷമില്ല. കഴിഞ്ഞ തവണ 2 നഗരസഭകൾ മാത്രം ഭരിച്ച എല്‍ഡിഎഫ് 5 നഗരസഭകളില്‍ ഭരണം ഉറപ്പിച്ചു.

40 വർഷത്തിനു ശേഷമാണ് ചിറ്റൂർ എല്‍ഡിഎഫിന്‍റെ കൈകളിലെത്തിയത്. ചെറുപ്പുളശ്ശേരി പിടിച്ചെടുക്കുകയും ഒറ്റപ്പാലവും ഷൊർണ്ണൂരും നിലനിർത്തുകയും ചെയ്തു. മണ്ണാർക്കാട് നഗരസഭ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. 9 ഗ്രാമപഞ്ചായത്തുകൾ കൂടുതൽ നേടാനായത് മാത്രമാണ് യുഡിഎഫിന് ആശ്വാസത്തിന് വകയുള്ളത്.

പാലക്കാട് നഗരസഭയിൽ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ ബി.ജെ.പിക്കായി. ഷൊർണ്ണൂർ നഗരസഭയിൽ രണ്ടാം സ്ഥാനത്ത് എത്തി. ചിറ്റൂർ ഒഴികെ ഉള്ള എല്ലാ നഗരസഭകളിലും ബി.ജെ.പിക്ക് സീറ്റ് ലഭിച്ചു. 2015നെക്കാൾ 34 ജനപ്രതിനിധികൾ ബി.ജെ.പിക്ക് അധികം ലഭിച്ചു. 10 പഞ്ചായത്തിലെങ്കിലും ഭരണം പിടിക്കുമെന്ന് ബി.ജെ.പി പറഞ്ഞിരുന്നു. എന്നാൽ പാലക്കാട് നഗരസഭയിൽ മാത്രമാണ് അധികാരത്തിലെത്താനായത്.