'രാഷ്ട്രീയ യുദ്ധമുഖത്ത് ഏകസ്വരമുണ്ടായില്ല'; വിമര്‍ശനവുമായി 'ചന്ദ്രിക'
'മുന്‍കാലങ്ങളില്‍ മതന്യൂനപക്ഷ വോട്ടുകള്‍ക്കാണ് സി.പി.എം മുന്‍തൂക്കം നല്കിയിരുന്നതെങ്കില് ഇത്തവണ പരസ്യമായി ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലിംകളെ അധിക്ഷേപിക്കാന്‍ അവര്‍ തയ്യാറായി'
തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയുടെ വിമര്‍ശനം. യു.ഡി.എഫ് നേതൃത്വത്തിനെതിരെയാണ് ചന്ദ്രികയുടെ വിമര്‍ശനം. രാഷ്ട്രീയ യുദ്ധമുഖത്ത് ഏകസ്വരമുണ്ടായില്ലെന്നാണ് പ്രധാന വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പോരായ്മകള്‍ പരിഹരിച്ച് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരണമെന്നും പത്രം പറയുന്നു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരായ രാഷ്ട്രീയ പ്രതികരണമായി തെരഞ്ഞെടുപ്പ് മാറിയില്ലെന്നും മറ്റ് ഘടകങ്ങളാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചതെന്നും പത്രം പറയുന്നു.
തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ ഭൂരിപക്ഷ വര്‍ഗീയത ഉപയോഗിച്ചുവെന്നും പത്രം കുറ്റപ്പെടുത്തുന്നു. മുന്‍കാലങ്ങളില്‍ മതന്യൂനപക്ഷ വോട്ടുകള്‍ക്കാണ് സി.പി.എം മുന്‍തൂക്കം നല്കിയിരുന്നതെങ്കില് ഇത്തവണ പരസ്യമായി ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലിംകളെ അധിക്ഷേപിക്കാന്‍ അവര്‍ തയ്യാറായി. അതിന്റെ ഭാഗമാണ് യു.ഡി.എഫിനെ പിന്തുണക്കാന്‍ സ്വയം തീരുമാനിച്ച സംഘടനകളോടുള്ള സി.പി.എമ്മിന്റെ തികച്ചും വര്‍ഗീയമായ പ്രചാരണമെന്നും ചന്ദ്രിക എഴുതുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് നാലുമാസം മാത്രമിരിക്കെ പോരായ്മകളുണ്ടെങ്കില്‍ പരിഹരിച്ച് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നതില്‍ ഇനിയെങ്കിലും യു.ഡി.എഫ് ശ്രദ്ധ കാണിച്ചേതീരൂവെന്നും പത്രം പറയുന്നു.