LiveTV

Live

Kerala

'മലപ്പുറം ജില്ലയില്‍ മാത്രം എന്തിന് നിരോധനാജ്ഞ?'; കലക്ടറുടെ പേജില്‍ വ്യാപക പ്രതിഷേധം

കള്ളവോട്ടും സംഘര്‍ഷവും നടന്ന മറ്റു ജില്ലകളില്ലാത്ത എന്ത് പ്രത്യേകതയാണ് മലപ്പുറം ജില്ലയില്‍ മാത്രമുള്ളതെന്നാണ് കമന്‍റുകളില്‍ ചോദിക്കുന്നത്

'മലപ്പുറം ജില്ലയില്‍ മാത്രം എന്തിന് നിരോധനാജ്ഞ?'; കലക്ടറുടെ പേജില്‍ വ്യാപക പ്രതിഷേധം

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി മലപ്പുറം ജില്ലയില്‍ മാത്രമായി മുഴുവനായും നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലാ കലക്ടറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിലാണ് വ്യാപക 'പ്രതിഷേധ പൊങ്കാല' നടക്കുന്നത്. ഏറ്റവും സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്ന ജില്ലയില്‍ എന്തിനാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്നും കള്ളവോട്ടും സംഘര്‍ഷവും നടന്ന മറ്റു ജില്ലകളില്ലാത്ത എന്ത് പ്രത്യേകതയാണ് മലപ്പുറം ജില്ലയില്‍ മാത്രമുള്ളതെന്നാണ് കമന്‍റുകളില്‍ ചോദിക്കുന്നത്. മലപ്പുറത്തുകാരെ മോശമായി കാണുന്ന കലക്ടറെ തങ്ങൾക്ക് ആവശ്യമില്ലായെന്നും ചിലര്‍ പ്രതികരിച്ചു. നാളിന്നുവരെ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ഒരു രാഷ്ട്രീയ സംഘട്ടനമോ വർഗീയ സംഘട്ടനമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നു കലക്ടര്‍ക്ക് പഴയ ഫയലുകള്‍ നോക്കാമായിരുന്നില്ലേയെന്നും പലരും ചോദിച്ചു. മുസ്‍ലിംകൾ കൂടുതൽ ഉള്ളത് കൊണ്ടാണോ ഈ മുൻകരുതലുകൾ എന്നും കമന്‍റുകളില്‍ ചോദിക്കുന്നുണ്ട്. കലക്ടര്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയാണ് കടുത്ത പ്രതിഷേധം അറിയിക്കുന്നത്.

'തിരുവനന്തപുരത്ത് നിന്ന് ഏത് ബാപ്പ വിളിച്ചു പറഞ്ഞിട്ടാ സാറേ ഈ നിരോധനാജ്ഞ' എന്ന് ആക്ഷേപസ്വരത്തിലും ചിലര്‍ പ്രതികരിച്ചു. 'സംഘപരിവാറിനെ തൃപ്തിപ്പെടുത്താൻ പിണറായി പറഞ്ഞ തീരുമാനം നടപ്പാക്കുന്ന ഏമാനേ മലപ്പുറത്തെ കുറിച്ച് ഒന്നും അറിയില്ലേ താങ്കൾക്ക് ഇവിടെ രാഷ്ട്രീയത്തിന്‍റെ പേരിൽ കലാപമുണ്ടാക്കാറില്ല ഏമാനേ'; എന്ന പ്രതികരണവും കലക്ടറുടെ പേജില്‍ പ്രതികരണം കാണാം. ഒരു ജില്ലക്ക് മാത്രം ബാധിക്കുന്ന കൊറോണ ഏതാണെന്ന ചോദ്യവും പലരും ചോദിച്ചു.

മലപ്പുറം ജില്ലക്ക് പുറമേ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ചിലയിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയില്‍ നിരോധനാജ്ഞ : തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ 16-12-2020 മുതല്‍ 22-12-2020...

Posted by Collector Malappuram on Tuesday, December 15, 2020

നിരോധനാജ്ഞ നിബന്ധനകള്‍:

മലപ്പുറത്ത് രാത്രികാല നിരോധനാജ്ഞ ഇന്ന് രാത്രി മുതല്‍ ഡിസംബര്‍ 22 വരെയാണ്. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടിയെന്നാണ് കലക്ടര്‍ അറിയിക്കുന്നത്.

  • രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മുതലായവ അനുവദനീയമല്ല.

  • രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല.

  • തുറന്ന വാഹനങ്ങള്‍ അനുവദനീയമായ ശബ്ദത്തില്‍ കൂടുതല്‍ ഉള്ള ഉച്ചഭാഷിണി പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല.

  • പകല്‍സമയത്തെ വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. ഈ പരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

  • 10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്ഥാനാര്‍ത്ഥികള്‍ ഒഴികെയുള്ള വ്യക്തികളും വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുവാന്‍ പാടില്ല.