LiveTV

Live

Kerala

കണ്ണൂരില്‍ ഒളിച്ചോടിയ ബി.ജെ.പി സ്ഥാനാര്‍ഥി തോറ്റു; കിട്ടിയത് 38 വോട്ട്

ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു

കണ്ണൂരില്‍ ഒളിച്ചോടിയ ബി.ജെ.പി സ്ഥാനാര്‍ഥി തോറ്റു; കിട്ടിയത് 38 വോട്ട്

കണ്ണൂരില്‍ ഒളിച്ചോടിയ ബി.ജെ.പി സ്ഥാനാര്‍ഥി തോറ്റു. മാലൂര്‍ പഞ്ചായത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ആതിരയാണ് പരാജയപ്പെട്ടത്. 38 വോട്ടുകള്‍ മാത്രമാണ് ആതിരക്ക് ഇവിടെ ലഭിച്ചത്. സി.പി.എമ്മിന്‍റെ രേഷ്മ സജീവനാണ് ഇവിടെ വിജയിച്ചത്. മന്നൂര്‍ ധനേഷ് നിവാസില്‍ ധനേഷിന്‍റെ ഭാര്യയായ ആതിര വോട്ടെടെുപ്പിന് മുമ്പാണ് കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയത്. പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് ഭര്‍ത്താവും കുട്ടിയുമുളള സ്ഥാനാര്‍ഥി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് വന്നത്. ചില രേഖകള്‍ എടുക്കാനായി വീട്ടില്‍ പോകുന്നുവെന്നാണ് ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും സ്ഥാനാര്‍ഥി പറഞ്ഞത്. എന്നാല്‍ സ്ഥാനാര്‍ഥി പിന്നെ തിരിച്ചെത്തിയില്ല. ഒടുവില്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥാനാര്‍ഥി കാമുകനൊപ്പം മുങ്ങിയ വിവരം അറിഞ്ഞത്.

വിവാഹത്തിന് മുന്‍പേ സ്ഥാനാര്‍ഥിക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നു. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയതിന് ശേഷം ഇരുവരും തമ്മില്‍ വീണ്ടും അടുത്തു. തുടര്‍ന്ന് ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവിന്‍റെ പരാതിയില്‍ പേരാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സ്ഥാനാര്‍ഥി മുങ്ങിയതോടെ വാര്‍ഡിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിരോധത്തിലായിരുന്നു.

കണ്ണൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി  ഒളിച്ചോടിയതായി പരാതി
Also Read

കണ്ണൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒളിച്ചോടിയതായി പരാതി

ആതിരയുടെ ഭര്‍ത്താവ് ധനേഷും ഇതേ പഞ്ചായത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. ഇദ്ദേഹവും പരാജയപ്പെട്ടു. ബി.ജെ.പി മാലൂര്‍ പഞ്ചായത്ത് സെക്രട്ടറി കൂടിയായ ധനേഷ് കഴിഞ്ഞ തവണ കുണ്ടേരിപ്പൊയില്‍ വാര്‍ഡില്‍ നിന്നും മല്‍സരിച്ചിരുന്നു. ഇത്തവണ ഭാര്യ ആതിരയാണ് കുണ്ടേരിപ്പൊയില്‍ വാര്‍ഡില്‍ മല്‍സരിച്ചത്. ആദ്യമായാണ് ആതിര തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ഭര്‍ത്താവ് ധനേഷ് സി പതിനൊന്നാം വാര്‍ഡായ പട്ടാരിയില്‍ നിന്നാണ് ജനവിധി തേടിയത്. ഇവിടെ സി.പി.ഐ.എമ്മിന്‍റെ രമേശന്‍ ആണ് വിജയിച്ചത്.