നിലമ്പൂർ മുന്‍സിപ്പാലിറ്റി പിടിച്ചെടുത്ത് എല്‍.ഡി.എഫ്; ഒറ്റ സീറ്റുമില്ലാതെ മുസ്ലിം ലീഗ്
ലീഗിന് ഒരു സീറ്റ് പോലും നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞില്ല

നിലമ്പൂർ മുന്‍സിപ്പാലിറ്റി എല്‍.ഡി.എഫിന് തകര്‍പ്പന്‍ വിജയം. കഴിഞ്ഞ തവണ ഏഴ് സീറ്റ് മാത്രമുണ്ടായിരുന്ന ഇവിടെ ഇക്കുറി എല്‍.ഡി.എഫ് 22 സീറ്റുകളാണ് നേടിയത്. ആകെ 33 ഡിവിഷനുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ തവണ 26 സീറ്റുണ്ടായിരുന്ന യു.ഡി.എഫിന് ഇക്കുറി 9 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ലീഗിന് ഒരു സീറ്റ് പോലും നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ലീഗിന് സീറ്റില്ലാത്ത മലപ്പുറത്തെ ഏക മുനിസിപ്പാലിറ്റിയായി നിലമ്പൂർ മാറി. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിക്കും ബി.ജെ.പിക്കും ഓരോ സീറ്റുകളാണ് ലഭിച്ചത്.
2010ല്‍ നിലമ്പൂര്‍ നഗരസഭയായതിനുശേഷം രണ്ടുതവണയും യു.ഡി.എഫിന്റെ സ്വന്തമായിരുന്നു നിലമ്പൂര്‍. പുതിയ ഫലത്തിലൂടെ ആ കുത്തകയാണ് തകര്‍ന്നിരിക്കുന്നത്. 2005ല്‍ നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റായ ആര്യാടന് ഷൗക്കത്താണ് 2010-ല്‍ നഗരസഭയുടെ ആദ്യ പ്രസിഡന്റായത്. 2015-ല്‍ അധ്യക്ഷയായി കോണ്‍ഗ്രസിലെ പദ്മിനി ഗോപിനാഥും അധികാരത്തിലേറി.