കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം; കൊച്ചിയിലും തൃശൂരിലും സസ്പെന്‍സ്
കൊച്ചിയും തൃശൂരും സസ്പെന്‍സ് ആണ്. എല്‍ഡിഎഫ് ആണ് മുന്നിലെങ്കിലും വിമതരുടെ നിലപാട് നിര്‍ണായകമാകും.

ആറ് കോര്‍പറേഷനുകളില്‍ അഞ്ചിടത്ത് എല്‍ഡിഎഫാണ് മുന്നില്‍. തിരുവനന്തപുരത്തും കോഴിക്കോടും കൊല്ലത്തും എല്‍ഡിഎഫ് കേവല ഭൂരിപക്ഷം നേടി. കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി. കൊച്ചിയും തൃശൂരും സസ്പെന്‍സ് ആണ്. എല്‍ഡിഎഫ് ആണ് മുന്നിലെങ്കിലും വിമതരുടെ നിലപാട് നിര്‍ണായകമാകും.
100ല്‍ 51 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തി കേവല ഭൂരിപക്ഷം നേടി തിളക്കത്തോടെയാണ് ഭരണക്കസേര പിടിച്ചത്. എന്‍ഡിഎയുടെ വിജയം 34 സീറ്റുകളില്‍ ഒതുങ്ങി. അതേസമയം തിരുവനന്തപുരത്ത് യുഡിഎഫ് നേരിട്ടത് വലിയ തകര്‍ച്ചയാണ്. 10 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. 5 ഇടത്ത് സ്വതന്ത്രര്‍ക്കാണ് വിജയം.
എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കിയപ്പോള്‍ കല്ലുകടിയായത് കരുത്തരുടെ പരാജയമാണ്. മേയര്‍ സ്ഥാനാര്‍ഥി എ ജി ഒലീന പരാജയപ്പെട്ടു. കുന്നുകുഴി വാര്‍ഡിലാണ് പരാജയപ്പെട്ടത്. സിപിഎം ആസ്ഥാനമായ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡാണിത്. യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇവിടെ വിജയിച്ചത്. ഒലീന കഴിഞ്ഞാല്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നെടുങ്കാട് ഡിവിഷനിലെ എസ് പുഷ്പലതയും തോറ്റു. നിലവിലെ മേയര്‍ കെ ശ്രീകുമാറിനെ കരിക്കകത്ത് ബിജെപി അട്ടിമറിച്ചു.
കൊല്ലത്ത് അട്ടിമറികളും അത്ഭുതങ്ങളും സംഭവിച്ചില്ല. 55 സീറ്റുകളില്‍ 38 ഇടത്ത് എല്‍ഡിഎഫാണ് വിജയിച്ചത്. 9 ഇടത്ത് യുഡിഎഫ് വിജയിച്ചു. 6 സീറ്റുകളില്‍ എന്‍ഡിഎക്കാണ് വിജയം. ഒരിടത്ത് സ്വതന്ത്രന് വിജയിച്ചു.
കോഴിക്കോട് കോര്‍പറേഷനിലും എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയാണ്. 75ല്‍ 48 സീറ്റുകളിലും എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫ് 14 സീറ്റുകളിലും എന്‍ഡിഎ 7 സീറ്റുകളിലുമാണ് വിജയിച്ചത്. 6 ഇടത്ത് സ്വതന്ത്രര്‍ വെന്നിക്കൊടി പാറിച്ചു.
കണ്ണൂര്‍ കോര്പറേഷന് യുഡിഎഫ് നിലനിര്‍ത്തി. 55 വാര്‍ഡുകളില്‍ 34 ഇടത്ത് യുഡിഎഫ് വിജയിച്ചു. 19 ഇടത്താണ് എല്‍ഡിഎഫ് ഒന്നാമതെത്തിയത്. എന്‍ഡിഎ കണ്ണൂര്‍ കോര്‍പറേഷനില്‍ അക്കൊണ്ട് തുറന്നു. പള്ളിക്കുന്നില്‍ വി കെ ഷാജുവാണ് വിജയിച്ചത്. ഒരിടത്ത് സ്വതന്ത്രനാണ് വിജയിച്ചത്.
കഴിഞ്ഞ കണ്ണൂര്‍ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും 27 സീറ്റുകൾ വീതമാണ് നേടിയിരുന്നത്. അന്ന് മത്സരിച്ച് വിജയിച്ച് നിർണായക സാന്നിധ്യമായി തീർന്ന കോൺഗ്രസ് വിമതൻ പി കെ രാഗേഷ് എൽഡിഎഫിന് പിന്തുണ നൽകിയതോടെ ഭരണം ഇടതിനൊപ്പം നിന്നു. എന്നാൽ ഭരണം മാറാൻ ഒരു വർഷം മാത്രം ശേഷിക്കേ, മേയർ ഇ പി ലതയ്ക്ക് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ കോർപറേഷൻ എൽഡിഎഫിന് നഷ്ടമാവുകയായിരുന്നു. എന്നാൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് അധികാരത്തിലേറുന്നത്.
കൊച്ചിയില്‍ ലീഡ് നില മാറിമറിഞ്ഞ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. യുഡിഎഫ് കോട്ടയില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റം നടത്തി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എല്‍ഡിഎഫ്-34, യുഡിഎഫ്-31, ബിജെപി-5, ലീഗ് വിമതര്‍-2, കോണ്‍ഗ്രസ് വിമതന്-1, എല്‍ഡിഎഫ് വിമതന്- 1 എന്നതാണ് കൊച്ചി കോര്‍പറേഷനിലെ അവസ്ഥ. ആര് ഭരിക്കണമെന്ന് വിമതര്‍ തീരുമാനിക്കും. നിലവിലെ സാധ്യത വെച്ച് കൊച്ചി കോര്പറേഷന് എല്‍ഡിഎഫ് ഭരിക്കും. എല്‍ഡിഎഫ് വിമതന് എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
തൃശൂര്‍ ആര് ഭരിക്കുമെന്ന് ഇനിയും തീരുമാനമായിട്ടില്ല. 23 സീറ്റുകളാണ് യുഡിഎഫ് സ്വന്തമാക്കിയത്. എല്‍ഡിഎഫ്, സ്വതന്ത്രര്‍ ഉള്‍പ്പെടെ 24 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബിജെപി 6ല്‍ ഒതുങ്ങി. തൃശൂരില്‍ ഭരണം പിടിക്കുമെന്ന് അവകാശപ്പെട്ട എന്‍ഡിഎക്ക് മുന്നേറ്റം ഉണ്ടാക്കാനായില്ല. പൂങ്കുന്നം, പാട്ടുരായ്ക്കല്‍, തേക്കിന്‍കാട്, കോട്ടപ്പുറം, കോക്കാല, അയ്യന്തോള്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി വിജയിച്ചത്.
ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിമതനാണ് വിജയിച്ചത്. വിമതന്റെ തീരുമാനം നിര്‍ണായകമാകും. നെട്ടിശ്ശേരി ഡിവിഷനില്‍ നിന്ന് വിജയിച്ച എം.കെ.വര്‍ഗീസ് ആണ് കോണ്‍ഗ്രസ് വിമതന്. കഴിഞ്ഞ തവണയും കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതിരുന്നിട്ടും എല്‍ഡിഎഫ് ഭരണം പിടിച്ചു. പൊതുവെ മാറിമാറിയാണ് ഇടത്, വലത് മുന്നണികളെ തൃശൂര്‍ കോര്പറേഷന് തെരഞ്ഞെടുക്കാറുള്ളത്. അതിനാല്‍ യുഡിഎഫ് ഇത്തവണ പ്രതീക്ഷയിലായിരുന്നു. പക്ഷേ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനായില്ല.