രോമം കൊണ്ട് തണുപ്പിനെ 'തോല്‍പ്പിക്കുന്ന' ഒട്ടകങ്ങള്‍; അറിയാം വിശേഷങ്ങള്‍
ഇടതൂര്‍ന്ന രോമം ശരീരമാകെ വ്യാപിപിച്ചാണ് ബാക്ട്രിയന്‍ ഒട്ടകങ്ങള്‍ തണുപ്പിനെ മറികടക്കുന്നത്

മരുഭൂമിയിലെ കപ്പല്‍ എന്നാണ് ഒട്ടകത്തെ വിശേഷിപ്പിക്കാറ്. എന്നാല്‍ മരുഭൂമിയില്‍ മാത്രമല്ല, മൈനസ് ഒന്നിനും താഴെ തണുപ്പുള്ള പ്രദേശങ്ങളിലും ഒട്ടകം വസിക്കുന്നുണ്ട്. അത്യധികം വംശനാശ ഭീഷണി നേരിടുന്ന രണ്ട് കൂനുകളോടെയുള്ള ബാക്ട്രിയന്‍ ഒട്ടകമാണ് തണുപ്പ് നിറഞ്ഞ ലഡാക്കില്‍ ജീവിക്കുന്നത്. തണുപ്പ് കാലത്തെ ഈ ഒട്ടകങ്ങളുടെ രൂപമാറ്റം ഏറെ കൗതുകകരമാണ്. ഇടതൂര്‍ന്ന രോമം ശരീരമാകെ വ്യാപിപിച്ചാണ് ബാക്ട്രിയന്‍ ഒട്ടകങ്ങള്‍ തണുപ്പിനെ മറികടക്കുന്നത്.
രാജസ്ഥാനിലെ ബിക്കാനീര്‍ ദേശീയ ഒട്ടക ഗവേഷണ കേന്ദ്രത്തിന്റെ പഠന പ്രകാരം തണുപ്പ് കാലത്ത് തലക്ക് മുകളിലും കഴുത്തിന് ചുറ്റും കൂനിന് മുകളിലും കാലിലും രോമം വ്യാപിപ്പിച്ചാണ് ബാക്ട്രിയന്‍ ഒട്ടകം തണുപ്പിനെ മറികടക്കുന്നത്. ചൂട് കാലാവസ്ഥയാകുന്നതോടെ ഈ രോമമെല്ലാം തനിയെ പൊഴിഞ്ഞു പോകും. ഈ കാലാവസ്ഥയില്‍ രൂപം കൊള്ളുന്ന രോമം മികച്ച ഗുണമേന്മയേറിയതും ശീതകാല വസ്ത്രങ്ങൾ, കോട്ടുകൾ, തൊപ്പികൾ, ഷോളുകള്‍ എന്നിവ നിര്‍മിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
അത്യധികം വംശനാശ ഭീഷണി നേരിടുന്ന ബാക്ട്രിയന്‍ ഒട്ടകങ്ങള്‍ ഇന്ത്യയില്‍ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ നുബ്ര താഴ്വരയിലാണ് കാണപ്പെടുന്നത്. മധ്യേഷ്യയിലും പടിഞ്ഞാറന്‍ ചൈനയിലും ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ബാക്ട്രിയന്‍ ഒട്ടകങ്ങളുടെ ഭൂമിശാസ്ത്ര പരിധി കഴിഞ്ഞ 30 വര്‍ഷത്തിനിടെ വളരെയധികം കുറഞ്ഞിട്ടുണ്ട്.
അതെ സമയം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 36 ഒട്ടകങ്ങള്‍ മാത്രമുണ്ടായിരുന്ന ലഡാക്കില്‍ ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. ലഡാക്കിലെ പ്രാദേശിക ടൂറിസം പേര് കേട്ടതോടെയാണ് ബാക്ട്രിയന്‍ ഒട്ടകങ്ങളുടെ തലവര തെളിഞ്ഞത്. വിനോദാവശ്യങ്ങള്ക്കായി വ്യാപകമായ രീതിയില്‍ ഇവരെ പ്രാദേശിക വാസികള്‍ പരിപാലിക്കാന്‍ ആരംഭിക്കുകയും ടൂറിസ്റ്റുകളില്‍ നിന്നും യാത്രാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തതോടെ ഇവരുടെ എണ്ണം 166ല്‍ എത്തിചേര്‍ന്നിട്ടുണ്ട്. ജൂലൈയില്‍ നടക്കുന്ന സാന്‍ഡ് ഡ്യൂണ്‍ ഫെസ്റ്റിവലിലെയും ആകര്‍ഷണമായിരുന്നു ബാക്ട്രിയന്‍ ഒട്ടകങ്ങള്‍. ഇതിന് പുറമെ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലെ പെട്രോളിങ് ആവശ്യങ്ങള്‍ക്കും ഈ ഒട്ടകങ്ങളെ ഉപയോഗിക്കുന്നുണ്ട്.