സരിതയുടെ തൊഴില്‍ തട്ടിപ്പ്; അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് ആക്ഷേപം
തട്ടിപ്പ് നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് ബെവ്കോ എം.ഡി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു

സോളാര്‍ കേസ് പ്രതി സരിത എസ്. നായരും സംഘവും ബെവ്കോയുടെ പേരില്‍ തൊഴില്‍ തട്ടിപ്പ് നടത്തുന്നത് ഒന്നര മാസം മുന്‍പ് അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ സർക്കാർ. തട്ടിപ്പ് നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് ബെവ്കോ എം.ഡി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ നീക്കമുണ്ടായെങ്കിലും അതും അട്ടിമറിക്കപ്പെട്ടു.
2020 ജൂണില്‍ ബെവ്കോയുടെ പേരിലുള്ള തൊഴില്‍ തട്ടിപ്പിന് സരിത എസ് നായരും പദ്ധതിയിട്ടെന്നാണ് പൊലീസിന്റെ നിഗമനം. കുഴിവിള സ്വദേശി അരുണിന്റെ കയ്യില്‍ നിന്ന് നാല് മാസം കൊണ്ട് പലപ്പോഴായി പതിനൊന്നര ലക്ഷം രൂപ വാങ്ങിയെടുത്തു. ജൂലൈ , ആഗസ്ത് മാസങ്ങളിലായി ബെവ്കോ എംഡിയുടെ ഒപ്പടങ്ങിയ വ്യാജ രേഖകളും തയ്യാറാക്കി. എന്നിട്ടും ജോലി ലഭിക്കാതെ വന്നതോടെ ഒക്ടോബര്‍ അവസാനത്തോടെ അരുണ്‍ ബെവ്കോയിലെ അഡ്മിന് മാനേജരായ മീനാകുമാരിയെ നേരിട്ട് ഫോണ്‍ വിളിച്ചു. അന്ന് തന്നെ തട്ടിപ്പ് നടക്കുന്ന വിവരം ബെവ്കോയിലെ ഉന്നതരെ അറിയിച്ചതായി മീനാകുമാരിയും പറയുന്നുണ്ട്. തട്ടിപ്പ് സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് ബെവ്കോ എം ഡി ജി സ്പര്ജ്ജന് കുമാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. വിജിലന്‍സ് അന്വേഷണത്തിന് നടപടികളും തുടങ്ങി. എന്നാല്‍ ഒന്നര മാസത്തോളം കഴിഞ്ഞ് പരാതിക്കാരന് നേരിട്ട് പൊലീസിനെ സമീപിച്ചപ്പോഴാണ് കേസെടുത്തത്. ഇതോടെയാണ് അന്വേഷണം തുടക്കത്തില്‍ തന്നെ അട്ടിമറിക്കപ്പെട്ടെന്ന സൂചന ബലപ്പെട്ടത്. വിജിലന്‍സ് അന്വേഷണം മുന്നോട്ട് പോകാതിരുന്നതും ഉന്നത സമ്മര്‍ദ്ദം കാരണമാണെന്ന് ആക്ഷേപം ശക്തമാണ്.