LiveTV

Live

Kerala

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുണയ്ക്കുമെന്ന് സര്‍ക്കാര്‍; വിവാദങ്ങള്‍ തുണയ്ക്കുമെന്ന് പ്രതിപക്ഷം

പ്രദേശിക രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാനരാഷ്ട്രീയവും ചര്‍ച്ച ചെയ്ത തെരഞ്ഞെടുപ്പായത് കൊണ്ട് ഫലം പ്രവചനാതീതമാണെന്നാണ് വിലയിരുത്തല്‍

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുണയ്ക്കുമെന്ന് സര്‍ക്കാര്‍; വിവാദങ്ങള്‍ തുണയ്ക്കുമെന്ന് പ്രതിപക്ഷം

കോവിഡ് ആശങ്കകള്‍ക്കിടയിലും പോളിംഗ് ശതമാനം വര്‍ധിച്ചതില്‍ ഭരണ പ്രതിപക്ഷ മുന്നണികള്‍ ഒരുപോലെ പ്രതീക്ഷയില്‍. പ്രദേശിക രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാനരാഷ്ട്രീയവും ചര്‍ച്ച ചെയ്ത തെരഞ്ഞെടുപ്പായത് കൊണ്ട് ഫലം പ്രവചനാതീതമാണെന്നാണ് വിലയിരുത്തല്‍. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തുണയ്ക്കുമെന്ന് സര്‍ക്കാര്‍ കരുതുമ്പോള്‍, വിവാദങ്ങള്‍ തങ്ങളെ തുണയ്ക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ.

തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിന്‍റെ വിലയിരുത്തലിനപ്പുറം പ്രദേശിക വിഷയങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമാണ് പ്രധാന ഘടകമാകാറുള്ളതെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെതിരായ വികാരം ഉയര്‍ത്താനായിരുന്നു പ്രതിപക്ഷം ശ്രമിച്ചത്. ക്ഷേമപെന്‍ഷന്‍ അടക്കമുള്ള ജനക്ഷേമ പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് ഇടത് മുന്നണി അതിന് മറുപടി നല്‍കിയത്. കോവിഡ് ഭീതി നിലനില്‍ക്കുന്നത് കൊണ്ട് ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് എത്തുമോ എന്ന ആശങ്ക അസ്ഥാനത്താക്കിയാണ് വോട്ടര്‍മാര്‍ പോളിംങ് ബൂത്തിലേക്ക് ഒഴുകിയെത്തിയത്. ആ ഒഴുക്ക് തങ്ങള്‍ക്കനുകൂലാമാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അവകാശപ്പെടുമ്പോഴും കേരളത്തിലെ ജനത്തിന്‍റെ മനസ്സറിയാന്‍ നാളെ വരെ കാത്തിരിക്കണം.

നിയമസഭ തെരഞ്ഞെടുപ്പ് പോലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പായത് കൊണ്ട് തന്നെ സെമിഫെനലായിട്ടാണ് മുന്നണികള്‍ തദ്ദേശ ഫലത്തെ കാണുന്നത്. ഇതില്‍ മുന്‍കൈ നേടുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാം.

ഇടതിനാണ് മുന്നേറ്റമെങ്കില്‍ സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങള്‍ വീണ്ടും ഉന്നയിക്കുന്നതിന് പ്രതിപക്ഷത്തിന് ഒന്ന് കൂടി ആലോചിക്കേണ്ടി വരും. യുഡിഎഫ് മേല്‍ക്കൈ നേടിയാല്‍ വിവാദങ്ങള്‍ സര്‍ക്കാരിനെ ബാധിച്ചുവെന്നും, തിരുത്തല്‍ വേണ്ടിവരുമെന്ന നിലപാടിലേക്ക് സര്‍ക്കാരിനും എത്തിച്ചേരേണ്ടി വരും. പ്രതീക്ഷിച്ച ജില്ലകളില്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപിക്കുള്ളിലും വരും ദിവസങ്ങളില്‍ പൊട്ടിത്തെറിയുണ്ടാകും.

ചുരുക്കത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള ജീവന്‍മരണ പോരാട്ടമായിട്ടാണ് മൂന്ന് മുന്നണികളും തദ്ദേശതെര‍ഞ്ഞെടുപ്പിനെ കാണുന്നത്.