തദ്ദേശതെരഞ്ഞെടുപ്പില്‍ 76.18 ശതമാനം പോളിംഗ്; ഫലം വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടത്തിലും ജനങ്ങള്‍ കൂട്ടത്തോടെ പോളിംഗ്ബൂത്തിലേക്ക് ഒഴികിയെത്തി

സംസ്ഥാനത്ത് മൂന്ന് ഘട്ടമായി നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ 76.18 ശതമാനം പോളിങ്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ 78.64 ശതമാനം പേര് വോട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ഘട്ടങ്ങളെക്കാള്‍ പോളിംങ് മൂന്നാം ഘട്ടത്തില്‍ രേഖപ്പെടുത്തിയതോടെ പ്രധാനമുന്നണികള്‍ അവകാശവാദങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.
കോവിഡ് രോഗഭീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ ജനങ്ങള്‍ സ്വീകരിക്കുമോ എന്ന ആശങ്ക അസ്ഥാനത്തായി. തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടത്തിലും ജനങ്ങള്‍ കൂട്ടത്തോടെ പോളിംങ് ബൂത്തിലേക്ക് ഒഴികിയെത്തി. മൂന്നാംഘട്ടത്തില്‍ ആറു മണിക്കു ശേഷവും ബൂത്തുകളില്‍ തുടര്‍ന്നു. തദ്ദേശതെരഞ്ഞെടുപ്പിനെ അക്ഷരാര്‍ഥത്തില്‍ കേരളജനത ഏറ്റെടുത്തു.
തെക്കന്‍ കേരളത്തിലേയും മധ്യ കേരളത്തിലേയും വോട്ടിംഗ് ശരാശരിയെ വടക്കന്‍ ജില്ലകള്‍ മറികടന്നു. 73.12, 76.78 എന്നിങ്ങനെയായിരുന്നു ആദ്യ രണ്ടുഘട്ടങ്ങളിലെ വോട്ടിംഗ് ശതമാനം. മൂന്നാംഘട്ടത്തിലെ 78.64 ശതമാനമാണെങ്കിലും അന്തിമ കണക്കെടുപ്പില്‍ ഉയരും. കോഴിക്കോട് 79, മലപ്പുറം 78.87, കണ്ണൂര്‍ 78.57, കാസര്‍ഗോഡ് 77.17 ഇങ്ങനെയാണ് ജില്ലകളിലെ കണക്ക്.
ജില്ലകളില്‍ 79.46 ശതമാനം പേര് വോട്ടു ചെയ്ത വയനാടാണ് കണക്കില്‍ മുന്നില്‍. പത്തനംതിട്ടയിലാണ് വോട്ടിംങ് ശതമാനം കുറവ് 69.7 ശതമാനം. നഗര-ഗ്രാമഭേദമില്ലാതെ കനത്ത പോളിംഗായിരുന്നു മൂന്നാംഘട്ടത്തില്‍. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 71.65 ഉം കോഴിക്കോട്ട് 70.29 ശതമാനവും പോളിംഗ് നടന്നു. കോര്‍പ്പറേഷനുകളില്‍ ഏറ്റവും കൂടുതല്‍ പോളിംങ് രേഖപ്പെടുത്തിയത് കണ്ണൂരില്‍.. സിപിഎം ശക്തികേന്ദ്രമായ ആന്തൂര്‍ 89.38 ശതമാനത്തോടെ മുന്‍സിപ്പാലിറ്റികളില്‍ മുന്നിലെത്തി.
ആദ്യ രണ്ടുഘട്ടങ്ങളിലും പിന്നിലായെങ്കിലും മൂന്നാംഘട്ടത്തില്‍ സ്ത്രീ വോട്ടര്‍മാര്‍ പുരുഷന്മാരെ മറികടന്നു. ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്നണികളുടെ നെഞ്ചിടിപ്പ് ഏറിയിട്ടുണ്ട്