11 കാരി സിറാജുന്നീസയുടെ കൊലപാതകത്തിന് 29 വർഷം
ബി.ജെ. പി അധ്യക്ഷനായിരുന്ന മുരളി മനോഹർ ജോഷി നടത്തിയ രഥ യാത്രക്കിടയിലാണ് 11 കാരിയെ പൊലീസ് വെടി വെച്ച് കൊന്നത്.

പാലക്കാട് പുതുപ്പള്ളി തെരുവിലെ സിറാജുന്നീസ കൊലപെട്ടിട്ട് ഇന്നത്തേക്ക് 29 വർഷം. മുരളി മനോഹർ ജോഷിയുടെ യാത്രക്കിടയിലാണ് 11 വയസുകാരി സിറാജുന്നീസ കൊലപ്പെട്ടത്.
1991 ഡിസംബർ 15 ഉച്ചക്ക് രണ്ടര മണി. മുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിച്ച് കൊണ്ടിരിക്കുന്ന 11 വയസുകാരിക്ക് നേരെ പൊലീസ് വെടി വെക്കുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ അമ്മാവൻ സുലൈമാൻ താങ്ങി എടുത്ത് ആശുപതിയിലേക്ക് ഓടി.
ബി.ജെ. പി അധ്യക്ഷനായിരുന്ന മുരളി മനോഹർ ജോഷി നടത്തിയ രഥ യാത്രക്കിടയിലാണ് 11 കാരിയെ പൊലീസ് വെടി വെച്ച് കൊന്നത്. യാതൊരു സംഘർഷവും ഇല്ലാതിരുന്ന പുതുപ്പള്ളി തെരുവിൽ വെടിവെപ്പ് നടത്താൻ നിർദ്ദേശം നൽകിയത് രമൺ ശ്രീ വാസ്തവയാണ്. സിറാജുന്നീസയുടെ കൊലപാതകത്തിനെതിരെ ശബ്ദം ഉയർത്തിയ പിണറായി വിജയൻ രമൺ ശ്രീ വാസ്തവയെ ഉപദേഷ്ടവാക്കി വെച്ചതിൽ സങ്കടം ഉണ്ടെന്ന് സിറാജുന്നീസയുടെ ബന്ധുക്കൾ പറഞ്ഞു.
വെടിവെപ്പിന് ഉത്തരവിട്ടവർക്കും, വെടിവെച്ചവർക്കും ഉന്നത പദവികൾ നൽകി. 11 കാരി സിറാജുന്നീസ പൊലീസിനെ അക്രമിക്കാനും, വർഗീയ ആക്രമണങ്ങൾക്കും പദ്ധതിയിട്ടു എന്ന വിചിത്ര വാദമാണ് എഫ്.ഐ.ആറിൽ ചേർത്തത്. 29 വർഷത്തിന് ശേഷവും വെടി ഉണ്ട കൊണ്ട കിണറിന്റെ ചുവരും , ജനൽ ചില്ലും പൊലീസിന്റെ ക്രൂരത ഓർമ്മിപ്പിക്കുന്നതായി നിലനിൽക്കുന്നു.