ഗോൾവാള്‍ക്കര്‍ വിവാദം; മുസ്ലിം വർഗീയത ഇളക്കിവിടാൻ ശ്രമിക്കുന്നു; കെ. സുരേന്ദ്രന്
മുസ്ലിം വർഗീയത ഇളക്കിവിടാൻ ശ്രമിക്കുകയാണ്. കേരളത്തിൽ ഇത് വിലപ്പോകില്ല, ഇതിനെതിരെ പ്രതിഷേധമുണ്ടാകുമെന്ന് കെ. സുരേന്ദ്രന് പറഞ്ഞു

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പുതിയ ക്യാംപസിന് ആര്.എസ്.എസ് മേധാവിയായിരുന്ന ഗോൾവാൾക്കറിന്റെ പേര് നല്‍കിയത് വിവാദമായതോടെ പ്രതികരണവുമായി ബി.ജെ.പി കേരള അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സി.പി.എം-കോൺഗ്രസ് പാര്‍ട്ടികളുടെ പ്രതിഷേധം ജമാഅത്തെ ഇസ്ലാമിയെ പോലുള്ള വർഗീയ സംഘടനകളെ തൃപ്തിപെടുത്താനാണെന്നും വർഗീയ (ധുവീകരണത്തിനാണ് പ്രശ്നം കുത്തിപ്പൊക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മറ്റു വിഷയങ്ങൾ ഇല്ലാതായപ്പോൾ വർഗീയ ധ്രുവീകരണം നടത്താനുള്ള തന്ത്രമാണ് നടത്തുന്നത്. മുസ്ലിം വർഗീയത ഇളക്കിവിടാൻ ശ്രമിക്കുകയാണ്. കേരളത്തിൽ ഇത് വിലപ്പോകില്ല, ഇതിനെതിരെ പ്രതിഷേധമുണ്ടാകുമെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ കാമ്പസിനാണ് ആർ.എസ്സ്.എസ്സ് മേധാവിയായിരുന്ന ഗോൾവാൾക്കറിന്റെ പേരിട്ടത്. കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോൺഫറൻസിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷവർധൻ ആണ് നാമകരണം പ്രഖ്യാപിച്ചത്. ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്ഫെക്ഷന് എന്നാകും സ്ഥാപനത്തിന്റെ പേര്. കേരളത്തിലെ മുൻനിര ഗവേഷണ സ്ഥാപനത്തിന് ഗോൾവാൾക്കറിന്റെ പേരിടുന്നതിൽ സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമാണുയര്‍ന്നത്.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിക്ക് ഗോൾവാൾക്കറിന്റെ പേര് കൊടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോണ്‍ഗ്രസ് എംഎൽഎ ശബരീനാഥൻ പറഞ്ഞു. ശാസ്ത്രജ്ഞരുടെ പേരാണ് സെന്ററിന് കൊടുക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ ചെയ്യുന്നത് ആർഎസ്എസ് കേരളത്തിലും നടപ്പാക്കുന്നുവെന്നും ശബരീനാഥൻ എംഎൽഎ പറഞ്ഞു. ഗോള്‍വാള്‍ക്കര്‍ ഏറ്റവും വലിയ വര്‍ഗീയവാദിയാണെന്നും പേരിടൽ നീക്കത്തെ എതിര്‍ക്കുമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ആർ.എസ്.എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കറിന്റെ പേരില്‍ കേരളത്തില്‍ ഒരു വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. വർഗീയത പ്രോത്സാഹിപ്പിച്ചതല്ലാതെ ഗോൾവാൾക്കറിന് ശാസ്ത്രവുമായി എന്താണ് ബന്ധമുള്ളതെന്ന് ശശി തരൂർ എം.പി ചോദിച്ചു. മതത്തിന് ശാസ്ത്രത്തിന് മേൽ മേധാവിത്വം വേണമെന്ന പരാമർശത്തിന്റെ പേരിലാണ് ഗോൾവാൾക്കർ ഓർമിക്കപ്പെടേണ്ടതെന്നും ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.