നഷ്ടമായ പള്ളികളിൽ ആരാധന നടത്തുന്നതിന് നിയമ നിർമാണം നടത്തണമെന്ന് യാക്കോബായ സഭ
നിയമനിർമാണം നടത്താമെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ജനുവരി ഒന്നുമുതൽ സഭ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സമരം സർക്കാറിനെതിരല്ലെന്നും യാക്കോബായസഭ സമരസമിതി കൺവീനർ
മലങ്കര പള്ളിതർക്കത്തിൽ യാകോബായ - ഓർത്തഡോക്സ് വിഭാഗങ്ങൾ വീണ്ടും ഏറ്റുമുട്ടലിലേക്ക്. വിട്ടുകൊടുക്കേണ്ടിവന്ന പളളികളിൽ തിരിച്ചെത്തി ആരാധന നടത്തുമെന്ന് യാക്കോബായ സഭാനേതൃത്വം വ്യക്തമാക്കി.
പ്രാർത്ഥനക്കു വന്നാൽ തടയില്ലെന്നും എന്നാൽ പള്ളി പിടിച്ചെടുക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നും ഓർത്തഡോക്സ് സഭാപ്രതിനിധികൾ പ്രതികരിച്ചു. അനുരഞ്ജന ചർച്ചയുടെ ഭാഗമായി നിർത്തിവെച്ച സമരപരിപാടികൾ പുനരാരംഭിക്കാൻ യാക്കോബായ സഭാനേതൃത്വം തീരുമാനിച്ചതോടെ ഒരിടവേളക്കു ശേഷം മലങ്കര സഭാതർക്കം രൂക്ഷമാവുകയാണ്.
കോടതി വിധിയിലൂടെ നഷ്ടമായ 52 പളളികളിലും തിരികെ പ്രവേശിക്കാനാണ് യാക്കോബായ വിഭാഗത്തിന്റെ തീരുമാനം. വിട്ടുകൊടുത്ത പള്ളികളിൽ നാളെ മുതൽ നിരാഹര സമരം തുടങ്ങും. പ്രവേശനം ഉറപ്പാക്കാൻ സർക്കാർ നിയമനിർമാണം നടത്തിയില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് പോകുമെന്നും സഭാനേതൃത്വം സൂചന നൽകി.
പള്ളികളിൽ പ്രവേശിക്കാൻ അനുവദിക്കുമെങ്കിലും യാകോബായ സഭ വൈദീകരെ ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. പ്രശ്നമുണ്ടാക്കാൻ വന്നാൽ അതിനെ നേരിടും. 13ാം തിയതി പള്ളിയിൽ പ്രവേശിക്കാൻ യാകോബായ സഭ വിശ്വാസികൾ തീരുമാനിച്ച സാഹചര്യത്തിൽ പോലീസ് സംരക്ഷണം തേടാനും ഓർത്തഡോക്സ് സഭാനേതൃത്വം തീരുമാനിച്ചിട്ടുണ്ട്.