ഗോള്‍വാള്‍ക്കര്‍ വിവാദം; ക്യാമ്പസിന് ഡോ.പല്‍പ്പുവിന്റെ പേര് നിര്‍ദേശിച്ച് തരൂര്‍
വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നല്ലാതെ ഗോൾവാൾക്കർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും തരൂര്‍

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പുതിയ ക്യാംപസിന് ആര്.എസ്.എസ് ആചാര്യനായിരുന്ന ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുള്ള നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം.എസ് ഗോൾവാൾക്കർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം. താനായിരുന്നെങ്കിൽ തിരുവനന്തപുരത്തുകാരുടെ ഹീറോയായ ബാക്ടീരിയോളജിസ്റ്റും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ഡോക്ടർ പൽപ്പുവിന്റെ പേരാണ് ക്യാംപസിന് നിർദേശിക്കുകയെന്നും തരൂർ വ്യക്തമാക്കി.

രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവർക്ക് അറിയാമെന്നും അദ്ദേഹം ശാസ്ത്ര സംബന്ധിയായ നവീകരണ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും പ്രചോദനമായിരുന്നുവെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. അതിനായി രാജീവ് ഗാന്ധി ഫണ്ട് നീക്കിവെച്ചതും ശശി തരൂര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.
പുരോഗമന ആശയക്കാരനായ ശാസ്ത്രജ്ഞനും മെഡിക്കൽ ഡോക്ടറും ആയിരുന്ന ഡോ. പല്‍പ്പുവിന്റെ പേരായിരുന്നു ആരോഗ്യ രംഗത്ത് പറയത്തക്ക ഒരു സംഭാവനയും നൽകാത്ത അവ്യക്തമായ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവിനേക്കാൾ എന്ത് കൊണ്ടും നല്ലത്. ശശി തരൂര്‍ പറഞ്ഞു. ഇപ്പോഴത്തെ നീക്കം തിരുവനന്തപുരത്തുള്ള ബി.ജെ.പി ക്കാർക്കു പോലും ഒരപമാനമാണെന്നും എതിർക്കപ്പെടേണ്ടതുണ്ടെന്നും തരൂര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.
ശശി തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് "ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ" എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് വാർത്ത!! വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോൾവാൾകർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല! രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവർക്ക് അറിയാം അദ്ദേഹം ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും പ്രചോദനമായിരുന്നു എന്ന്; അതിനായി ഫണ്ടും അദ്ദേഹം നീക്കിവെച്ചിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച ബി ജെ പി യുടെ മറ്റു നേതാക്കൾ ആരുമില്ലായിരുന്നോ? ഗോൾവാൾക്കർ എന്ന ഹിറ്റ്ലർ ആരാധകൻ ഓർമ്മിക്കപ്പെടേണ്ടത് 1966ൽ വി എച്ച് പി യുടെ ഒരു പരിപാടിയിൽ അദ്ദേഹം നടത്തിയ "മതത്തിന് ശാസ്ത്രത്തിന് മേൽ മേധാവിത്വം വേണമെന്ന" പരാമർശത്തിന്റെ പേരിലല്ലേ?
ഞാനാണെങ്കിൽ ഞങ്ങളുടെ നാട്ടുകാരുടെ, തിരുവനന്തപുരത്തുകാരുടെ ഒരു ഹീറോയായ, ബാക്ടീരിയോളജിസ്റ്റും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ഡോക്ടർ പൽപ്പുവിന്റെ പേരാണ് നിർദ്ദേശിക്കുക. 1863ൽ തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം കേംബ്രിഡ്ജിൽ നിന്ന് സീറം തെറാപ്പിയിലും ട്രോപ്പിക്കൽ മെഡിസിനിലും പ്രാവീണ്യം നേടി; വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന അദ്ദേഹത്തിന് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിന്റെ ഫെല്ലോഷിപ്പും ഉണ്ടായിരുന്നു.
പുരോഗമന ആശക്കാരനായ ശാസ്ത്രജ്ഞനും മെഡിക്കൽ ഡോക്ടറും ആയിരുന്ന അദ്ദേഹത്തിന്റെ പേരായിരുന്നു ആരോഗ്യ രംഗത്ത് പറയത്തക്ക ഒരു സംഭാവനയും നൽകാത്ത തികച്ചും അവ്യക്തമായ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവിനേക്കാൾ എന്ത് കൊണ്ടും നല്ലത്. ഇത് തിരുവനന്തപുരത്തുള്ള ബി ജെ പി ക്കാർക്കും ഒരപമാനമാണ്, ഇത് എതിർക്കപ്പെടേണ്ടതുണ്ട്