'മുല്ലപ്പള്ളി രാമചന്ദ്രൻ' ബി.ജെ.പി സ്ഥാനാർഥി
കോൺഗ്രസ് എരൂർ മണ്ഡലം സെക്രട്ടറിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥി നിർണയം പൂര്‍ത്തിയാകുന്നതിന് ഒരാഴ്ച മുമ്പാണ് പാർട്ടി വിട്ടത്

സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി മൂലം കോൺഗ്രസ് വിട്ട 'മുല്ലപ്പള്ളി രാമചന്ദ്രൻ' ബി.ജെ.പി സ്ഥാനാർഥിയായി മല്‍സരിക്കുന്നു. പറഞ്ഞുവരുന്നത് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാചന്ദ്രനെക്കുറിച്ചല്ല. തൃപ്പൂണിത്തുറ നഗരസഭ 48ാം ഡിവിഷൻ ഇല്ലിക്കപ്പടിയിലെ എന്‍.ഡി.എ സ്ഥാനാർഥിയെക്കുറിച്ചാണ്. കോൺഗ്രസ് എരൂർ മണ്ഡലം സെക്രട്ടറിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥി നിർണയം പൂര്‍ത്തിയാകുന്നതിന് ഒരാഴ്ച മുമ്പാണ് പാർട്ടി വിട്ടത്. തുടർന്ന് ബി.ജെ.പിയില്‍ ചേർന്ന് എൻ.ഡി.എ സ്ഥാനാർഥിയായി മല്‍സരിക്കുകയായിരുന്നു.
വീട്ടുപേരായ മുല്ലപ്പള്ളി ആണ് പേരിലുള്ളതെന്നും കാലങ്ങളായി മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന പേരിലാണ് നാട്ടിൽ അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പ് രണ്ടുവട്ടം സ്വതന്ത്ര സ്ഥാനാർഥിയായി ഇല്ലക്കപ്പടിയില് നിന്നും 42ാം ഡിവിഷൻ പോട്ടയിൽ നിന്നും മല്‍സരിച്ചെങ്കിലും വിജയിച്ചില്ല. ഇത്തവണ തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും കോൺഗ്രസ് കാലത്തെ ബന്ധങ്ങളും വോട്ടായി മാറുമെന്നും രാമചന്ദ്രന് പറയുന്നു. തൃപ്പൂണിത്തുറ എരൂർ സ്വദേശിയാണ് രാമചന്ദ്രൻ. എല്‍.ഡി.എഫ് കഴിഞ്ഞ തവണ വിജയിച്ച ഡിവിഷനാണ് ഇല്ലിക്കപ്പടി. ഇത്തവണയും സിറ്റിങ് കൗൺസിലർ ഇന്ദു ശശിയാണ് എൽ.ഡി.എഫ് സ്ഥാനാര്‍ഥി. പി.ബി. സതീശനാണ് യു.ഡി.എഫ് സ്ഥാനാർഥി.
കടപ്പാട്-മാധ്യമം