LiveTV

Live

Kerala

ഊരാളുങ്കലിനെതിരെ ഇ.ഡി അന്വേഷണം; നോട്ടീസ് നല്‍കി

ഊരാളുങ്കൽ കൊ ഓപ്പറേറ്റീവ് സൊസൈറ്റി അഞ്ച് വർഷത്തിനിടെ പൂർത്തിയാക്കിയതും ഇപ്പോൾ നടക്കുന്നതുമായ പദ്ധതിയുടെ വിവരങ്ങൾ നൽകണം

ഊരാളുങ്കലിനെതിരെ ഇ.ഡി അന്വേഷണം; നോട്ടീസ് നല്‍കി

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയിലുള്ള അന്വേഷണമാണ് നടത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഊരാളുങ്കലിന് ഇ.ഡി നോട്ടീസ് നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ ഇ.ഡിക്ക് വിവരങ്ങള്‍ കൈമാറുമെന്ന് ഊരാളുങ്കല്‍ അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം ഇഡി ഉദ്യോഗസ്ഥര്‍ ഊരളുങ്കല്‍ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടി ഇ.ഡി ഊരാളുങ്കലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 30ാം തിയതി നല്‍കിയ നോട്ടീസില്‍ അഞ്ച് വര്‍ഷത്തിനിടെ ഏറ്റെടുത്ത കരാറുകളുടെ വിശദാംശങ്ങളും, ബാങ്ക് അക്കൌണ്ട് വിവരങ്ങളും സര്‍ക്കാര്‍ പദ്ധതികളുടെ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. പൂര്‍ത്തിയായതും പൂര്‍ത്തിയാകാനുള്ളതുമായ പദ്ധതികളുടെ വിവരങ്ങളും കൈമാറണം. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയുള്ള അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഊരാളുങ്കലിലേക്ക് ഇ.ഡി എത്തിയത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഇവര്‍ക്ക് ലഭിച്ചതിന് പിന്നില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നും കള്ളപ്പണം വെളിപ്പിക്കലുണ്ടോ എന്നുമാണ് ഇ.ഡി അന്വേഷിക്കുന്നത്. സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് മുന്‍പ് തന്നെ ഈ വിവരങ്ങള്‍ എല്ലാം ശേഖരിക്കാനാണ് ഇ.ഡി ശ്രമിക്കുന്നത്.