LiveTV

Live

Kerala

പോലീസിലെ സിംസ് വിവാദ പദ്ധതി: പദ്ധതിയുടെ ഭാഗമാകണമെന്നാവശ്യപ്പെട്ട് സഹകരണ രജിസ്ട്രാര്‍ക്ക് ഡിജിപിയുടെ കത്ത്

സഹകരണ വകുപ്പിന് കീഴിലുള്ള സംഘങ്ങളും ബാങ്കുകളുമടക്കം സിംസ് പദ്ധതിയുടെ ഭാഗമാകണമെന്നാവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ സഹകരണ രജിസ്ട്രാര്‍ക്ക് കത്തയച്ചു. കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

പോലീസിലെ സിംസ് വിവാദ പദ്ധതി: പദ്ധതിയുടെ ഭാഗമാകണമെന്നാവശ്യപ്പെട്ട് സഹകരണ രജിസ്ട്രാര്‍ക്ക് ഡിജിപിയുടെ കത്ത്

പോലീസിലെ അഴിമതി ചൂണ്ടിക്കാട്ടിയ സി.എ.ജി റിപ്പോര്‍ട്ടും വിവാദങ്ങളും കെട്ടടങ്ങിയതിന് പിന്നാലെ ആരോപണവിധേയമായ പോലീസിലെ സിംസ് പദ്ധതി വീണ്ടും സജീവമാകുന്നു. സഹകരണ വകുപ്പിന് കീഴിലുള്ള സംഘങ്ങളും ബാങ്കുകളുമടക്കം പദ്ധതിയുടെ ഭാഗമാകണമെന്നാവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ സഹകരണ രജിസ്ട്രാര്‍ക്ക് കത്തയച്ചു. കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

പോലീസ് നവീകരണ ഫണ്ടിലെ അഴിമതി ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോര്‍ട്ട് നേരത്തെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പോലീസും കെല്‍ട്രോണും സ്വകാര്യ കമ്പനിയും ചേര്‍ന്ന് നടപ്പാക്കുന്ന സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം അഥവാ സിംസ് എന്ന പദ്ധതിയും സംശയ നിഴലിലായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷയ്ക്കായി 24 മണിക്കൂറും പോലീസ് ആസ്ഥാനത്തിരുന്ന് നിരീക്ഷിക്കുന്നതായിരുന്നു പദ്ധതി.

യോഗ്യതയില്ലാഞ്ഞിട്ടും ഗ്യാലക്സോണ്‍ കമ്പനിയെ തെരഞ്ഞെടുത്തതിലും, പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ പ്രവേശിക്കാന്‍ അനുവദിച്ചതുമടക്കം വിവാദമായി. ഡിജിപി തന്നെ പ്രതിരോധത്തിലായതോടെ മാസങ്ങള്‍ക്ക് മുന്‍പ് പദ്ധതിയിലെ തുടര്‍‍നടപടികള്‍ നിര്‍ത്തിവെച്ചു. എന്നാല്‍ പദ്ധതിയില്‍ തിരുത്തല്‍ നടപടികളില്ലെന്ന് വ്യക്തമാക്കുന്നതാണ് സഹകരണ വകുപ്പ് രജിസ്ട്രാര്‍ക്ക് ഡിജിപി ലോക്നാഥ് ബെഹ്റ അയച്ചിരിക്കുന്ന ഈ കത്ത്. സഹകരണവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സംഘങ്ങള്‍, ബാങ്കുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ സിംസ് പദ്ധതിയുടെ ഭാഗമാകണമെന്നും തുടര്‍നടപടി സ്വീകരിക്കണമെന്നുമാണ് കത്തിലെ ആവശ്യം.

2019 ഓഗസ്റ്റ് 25 മുതല്‍ പോലീസ് ആസ്ഥാനത്ത് സിംസ് കണ്‍ട്രോള്‍ റൂം പൂര്‍ണ്ണസജ്ജമാണെന്ന് ഡിജിപി ഇതില്‍ വ്യക്തമാക്കുന്നുണ്ട്. കെല്‍ട്രോണാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പറയുന്നതല്ലാതെ സ്വകാര്യ കമ്പനിയായ ഗ്യാലക്സോണിന് പങ്കുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മാറ്റങ്ങളില്ലാതെ പദ്ധതി നടപ്പാക്കാനുള്ള ഡിജിപിയുടെ നീക്കം സ്വകാര്യ കമ്പനിക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കും. ആഭ്യന്തര സെക്രട്ടറി മുഖേന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നിരിക്കെ ഡിജിപി നേരിട്ട് സഹകരണ രജിസ്ട്രാര്‍ക്ക് കത്തയച്ചതും അസാധാരണ നീക്കമാണ്.