സര്‍ക്കാരിന് തിരിച്ചടി; പെരിയ കേസില്‍ സിബിഐ തന്നെ
അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. കേസിലെ രേഖകൾ എത്രയും പെട്ടെന്ന് പൊലീസ് സിബിഐക്ക് കൈമാറണം.

പെരിയ ഇരട്ട കൊലപാതക കേസ് സിബിഐ അന്വേഷിക്കുന്നത് തടയണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസിന്റെ രേഖകൾ എത്രയും വേഗത്തിൽ പൊലീസ് സിബിഐക്ക് കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. സിബിഐയെ അന്വേഷണം ഏൽപ്പിക്കുന്നത് കൊണ്ട് പൊലീസിന്റെ ആത്മവീര്യം നഷ്ടപ്പെടുമെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പെരിയയിൽ കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചത്. കേസന്വേഷണം സിബിഐക്ക് ഏറ്റെടുക്കാമെന്നും കേസ് ഡയറി ഉൾപ്പടെയുള്ള മുഴുവൻ രേഖകളും വളരെ വേഗത്തിൽ ക്രൈംബ്രാഞ്ച് സിബിഐയെ ഏൽപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. സിബിഐ ഇതുവരെ കേസ് അന്വേഷണം തുടങ്ങിയിട്ടില്ലെന്നും മറ്റൊരു ഏജൻസി അന്വേഷിക്കുന്നത് പൊലീസിന്റെ ആത്മവീര്യം കെടുത്തുമെന്നുമായിരുന്നു സംസ്ഥാന സർക്കാർ വാദം. കേസിൽ സിബിഐക്ക് പ്രത്യേക താൽപര്യം ഉണ്ടെന്നും സർക്കാർ ആരോപിച്ചു.
എന്നാൽ സംസ്ഥാന സർക്കാർ സഹകരിക്കാത്തതിനാൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിബിഐ അന്വേഷണം ശരിവെച്ച ശേഷം കേസിലെ രേഖകൾ കൈമാറാൻ ആവശ്യപ്പെട്ട് ഡിജിപിക്ക് അടക്കം കത്ത് നൽകി. എന്നാൽ രേഖകൾ നൽകാൻ പൊലീസ് തയ്യാറായില്ല, ഇത് അന്വേഷണത്തെ ബാധിച്ചുവെന്നും സിബിഐ കോടതിയിൽ വാദിച്ചു. സിബിഐയുടെ വാദം അംഗീകരിച്ച് കൊണ്ടാണ് കോടതി കേസ് അന്വേഷണത്തിന് അനുമതി നൽകിയത്.
കോടതി വിധിയിൽ സന്തോഷമെന്ന് ശരത് ലാലിന്റെയും കൃപേഷിന്റേയും രക്ഷിതാക്കൾ പ്രതികരിച്ചു. മക്കള്‍ക്ക് നീതി ലഭിക്കാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കുടുംബം പ്രതികരിച്ചു.
2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്ലാൽ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയത്.