LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് റെയ്ഡ്. പത്തനാപുരത്തെ വീട്ടിലാണ് റെയ്ഡ്.

നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എയുടെ പത്തനാപുരത്തെ വീട്ടില്‍ പൊലീസ് റെയ്ഡ്. പരിശോധനയിൽ സംശയകരമായ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ഗണേഷ് കുമാറിന്റെ മുൻ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തലയുടെ വീട്ടിലും പരിശോധന നടത്തി.

ബേക്കല്‍ പൊലീസിന്‍റെ ആവശ്യ പ്രകാരം പത്തനാപുരം പൊലീസാണ് എംഎല്‍എയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്. സിവില്‍ വേഷത്തില്‍ സ്വകാര്യ വാഹനത്തില്‍ എത്തിയ സംഘം രണ്ട് മണിക്കൂറോളം തിരച്ചില്‍ നടത്തി. സൈബർ സെൽ ഉദ്യോഗസ്ഥർ അടക്കമുള്ളവർ പരിശോധനയിൽ പങ്കെടുത്തു. പ്രദീപ് കുമാറിന്‍റെ ഫോൺ കണ്ടെത്താനായിരുന്നു തിരച്ചിൽ.

പ്രദീപിന്റെ കോട്ടാത്തലയിലെ വീട്ടില്‍ കൊട്ടാരക്കര പൊലീസും പരിശോധന നടത്തി. കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപിന് കാസര്‍കോട് ഹൊസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ്. എംഎല്‍എ ഓഫിസില്‍ കയറി പ്രദീപിനെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തതില്‍ ഗണേഷ് കുമാര്‍ ഇടതുമുന്നണി നേതൃത്വത്തെ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. എന്നിട്ടും പൊലീസ് വീണ്ടും ‍ ഓഫീസിൽ പരിശോധന നടത്തിയതില്‍ കേരള കോണ്‍ഗ്രസ് ബിയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.

ജനുവരി 24ന് കാസർകോട് എത്തിയ പ്രദീപ്, ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. കാസർകോട് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വസതിയിൽ നിന്ന് നവംബര്‍ 24ന് പുലർച്ചെയാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് നാല് ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നു.

സാക്ഷികളെ സ്വാധീനിക്കരുത്, കാസർകോട് ബേക്കൽ പൊലീസ് പരിധിയിൽ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. എന്നാൽ കോടതി ഇത് പരിഗണിച്ചില്ല. ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ നിക്ഷിപ്‌ത താല്പര്യക്കാരായ പോലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച കേസാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.