LiveTV

Live

Kerala

പെരിയയിലെ സുപ്രീംകോടതി വിധി: സര്‍ക്കാരിന് രാഷ്ട്രീയമായും തിരിച്ചടി

ഹൈക്കോടതി സിംഗിള്‍ ബഞ്ച് മുതല്‍ സുപ്രീംകോടതി വരെ പോയിട്ടും സിബിഐ അന്വേഷണം തടയാന്‍ സർക്കാറിനായില്ല.

പെരിയയിലെ സുപ്രീംകോടതി വിധി: സര്‍ക്കാരിന് രാഷ്ട്രീയമായും തിരിച്ചടി

പെരിയ ഇരട്ട കൊലപാതക കേസില്‍ സിബിഐ അന്വേഷണം എങ്ങനെയും ഒഴിവാക്കാനായി സർക്കാർ നടത്തിയ നീക്കങ്ങള്‍ ഇന്നത്തെ സുപ്രീംകോടതി വിധിയോടെ അന്തിമമായി പരാജയപ്പെട്ടു. ഹൈക്കോടതി സിംഗിള്‍ ബഞ്ച് മുതല്‍ സുപ്രീംകോടതി വരെ പോയിട്ടും സിബിഐ അന്വേഷണം തടയാന്‍ സർക്കാറിനായില്ല. ഹൈക്കോടതി വിധിച്ചിട്ടും കേസ് ഡയറി പോലും സിബിഐക്ക് നല്‍കാതെ സുപ്രീംകോടതിയില്‍ നിയമ പോരാട്ടത്തിനിറങ്ങിയ സർക്കാരിന് വിധി നല്‍കുന്ന ആഘാതം ചില്ലറയല്ല.

പെരിയ ഇരട്ട കൊലപാതക കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തോട് തുടക്കം മുതല്‍ സംസ്ഥാന സർക്കാർ പുറംതിരിഞ്ഞ് നിന്നു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കള്‍ നിലപാടെടുത്തു. എന്നിട്ടും എല്ലാം നേർവഴിക്കാണെന്ന വാദത്തിലായിരുന്നു സർക്കാർ. അവസാനം ഹൈക്കോടതിയില്‍‌ നിന്നും സിബിഐ അന്വേഷണത്തിന് അനുകൂലമായ ഉത്തരവ് വന്നു. അപ്പോഴും സർക്കാർ വഴങ്ങിയില്ല. നിയമ പോരാട്ടം ഡിവിഷന്‍ ബെഞ്ചിന് മുന്നിലും എത്തി. എല്ലായിടത്തും തിരിച്ചടി നേരിട്ടപ്പോഴും കേസ് രേഖകള്‍ വിട്ടു കൊടുക്കാതെ നിലപാടില്‍ ഉറച്ച് സുപ്രീംകോടതിയില്‍ എത്തി സര്‍ക്കാർ. അവിടെ കൂടി തിരിച്ചടി നേരിട്ടത് സർക്കാന് കനത്ത അഘാതമായി മാറി. രാഷ്ട്രീയമായും തിരിച്ചടിയായി മാറി വിധി. ഇരയുടെ കുടുംബത്തോട് സര്‍ക്കാർ ഈ കാലമത്രയും കാട്ടിയത് ക്രൂരതയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാനായി സർക്കാർ ഖജനാവില്‍ നിന്നും ഒരു കോടിയിലധികം രൂപ ചെലവഴിക്കുന്നുവെന്ന പ്രചാരണം നേരത്തെ തന്നെ പ്രതിപക്ഷം ആരംഭിച്ചിരുന്നു. ഇതിനും വരും ദിവസങ്ങളില്‍ വിധി കരുത്ത് പകരും. കോടതിയിലെ തിരിച്ചടി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി കൂടി തിരിച്ചടിയായി മാറിയെന്നതാണ് വസ്തുത.