LiveTV

Live

Kerala

വിദേശ കറൻസി കടത്തിന് പിന്നിൽ വമ്പൻ സ്രാവുകള്‍; സ്വപ്നയുടെയും സരിത്തിന്‍റെയും മൊഴിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് കോടതി

മൊഴിയുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.

വിദേശ കറൻസി കടത്തിന് പിന്നിൽ  വമ്പൻ സ്രാവുകള്‍; സ്വപ്നയുടെയും സരിത്തിന്‍റെയും മൊഴിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് കോടതി

വിദേശ കറൻസി കടത്തിന് പിന്നിൽ വമ്പൻ സ്രാവുകളെന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതി. സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യ മൊഴിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വമ്പന്മാരുടെ പേരുകൾ പുറത്ത് വിടുന്നില്ലെന്നും കോടതി പറഞ്ഞു. എം ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം.

വിദേശ കറന്‍സി കടത്തില്‍ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കസ്റ്റംസ് ഉന്നയിച്ചത്. കസ്റ്റഡി ആവശ്യമില്ലെന്നും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ മുഴുവന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായും ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സ്വപ്ന, സരിത്ത് എന്നിവരുടെ മൊഴികള്‍ മുദ്രവെച്ച കവറില്‍ കസ്റ്റംസ് കോടതിക്ക് കൈമാറിയത്.

മൂന്ന് മൊഴികള്‍ കോടതിക്ക് ലഭിച്ചു. ഇത് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. വമ്പന്‍ സ്രാവുകള്‍ വിദേശ കറന്‍സിക്ക് പിന്നിലുണ്ട്. എന്നാല്‍ ഇവരുടെ പേരുകള്‍ പുറത്ത് വിടുന്നില്ലെന്നും കോടതി വ്യക്തമാക്കി. കറൻസി കടത്തിന് വേണ്ടി ഉന്നതര്‍ പദവി ദുരുപയോഗം ചെയ്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ശിവശങ്കറിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി.

ഇതിനിടെ സ്വപ്നയുടെ മൊഴി ചോർന്നതിന് കാരണക്കാരനായ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കോടതി നിർദേശം നല്‍കി. കസ്റ്റംസ് കമ്മിഷണർ നടപടി സ്വീകരിക്കണം. സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണമെന്നും സ്വപ്ന നൽകിയ ഹരജി തീർപ്പാക്കി കോടതി നിര്‍ദേശിച്ചു.

നിര്‍ണായകമായ വിവരങ്ങള്‍ പുറത്താകുന്നത് സത്യസന്ധമായ അന്വേഷണത്തെ ബാധിക്കാന്‍ ഇടയാക്കും. അതിനാല്‍ സ്വർണക്കടത്തിലെ അന്വേഷണം വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ അന്വേഷണ റിപ്പോർട്ട് ഓരോ മൂന്ന് മാസം കൂടുമ്പോഴും കോടതിക്ക് സമർപ്പിക്കണമെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതി ഉത്തരവിട്ടു.