LiveTV

Live

Kerala

കെ.എസ്.എഫ്.ഇയില്‍ മാത്രമല്ല, എല്ലാ വകുപ്പിലും പരിശോധന നടന്നിട്ടുണ്ട്; ഐസക്കിന് മറുപടിയുമായി മുഖ്യമന്ത്രി

വിജിലന്‍സ് നടത്തിയ പരിശോധനയെ അസാധാരണമായി കാണേണ്ടതില്ലെന്നും, അവരുടെ പരിശോധനയുടെ റിപ്പോര്‍ട്ട് വിജിലന്‍സ് അധികൃതര്‍ സര്‍ക്കാരിന് കൈമാറുമെന്നും പിന്നീട് സര്‍ക്കാര്‍ പരിശോധിച്ചായിരിക്കും

കെ.എസ്.എഫ്.ഇയില്‍ മാത്രമല്ല, എല്ലാ വകുപ്പിലും പരിശോധന നടന്നിട്ടുണ്ട്; ഐസക്കിന് മറുപടിയുമായി മുഖ്യമന്ത്രി

കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. വിജിലന്‍സ് നടത്തിയത് റെയ്ഡ് അല്ലെന്നും മിന്നല്‍ പരിശോധന മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിജിലന്‍സ് നടത്തിയ പരിശോധനയെ അസാധാരണമായി കാണേണ്ടതില്ലെന്നും, അവരുടെ പരിശോധനയുടെ റിപ്പോര്‍ട്ട് വിജിലന്‍സ് അധികൃതര്‍ സര്‍ക്കാരിന് കൈമാറുമെന്നും പിന്നീട് സര്‍ക്കാര്‍ പരിശോധിച്ചായിരിക്കും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നേരത്തെ കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിൽ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരുന്നു. നടപടി ക്രമങ്ങൾ പാലിക്കാതെ റെയ്ഡ് നടത്തിയ വിജിലൻസ് ഔചിത്യം പാലിച്ചില്ലെന്നും റെയ്ഡ് സർക്കാർ അറിഞ്ഞിരുന്നോയെന്ന് ആഭ്യന്തര വകുപ്പാണ് വിശദീകരിക്കേണ്ടതെന്നും ധനമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എന്തെങ്കിലും ക്രമക്കേട് നടക്കുന്നുണ്ട് എന്ന രഹസ്യവിവരം ലഭിച്ചാല്‍ സ്വമേധയാ മിന്നല്‍ പരിശോധന നടത്തുന്നതാണ് അവരുടെ രീതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിന്നല്‍ പരിശോധനക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതി മാത്രമാണ് വേണ്ടത്, അതില്‍ സര്‍ക്കാര്‍ ഇടപെടലുകളില്ല. മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്.എഫ്.ഇയുടെ വിവിധ ശാഖകളില്‍ നടന്നത് റെയ്ഡ് അല്ലെന്നും മിന്നല്‍ പരിശോധന മാത്രമാണ് നടന്നതെന്നും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കെഎസ്.എഫ്.ഇയില്‍ മാത്രമല്ല ഇത്തരത്തില്‍ പരിശോധന നടന്നതെന്നും വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഇത്തരത്തില്‍ പരിശോധന നടന്നിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നടന്ന സംഭവങ്ങളില്‍ അവ്യക്തതയൊന്നുമില്ലെന്ന് പറഞ്ഞ മുഖ്യന്‍ അടുത്ത കാലയളവില്‍ പൊലീസ് സ്റ്റേഷനുകളിലടക്കം നടന്ന ഇത്തരം പരിശോധനകളുടെ വിവരങ്ങളും പങ്കുവെച്ചു.