ആരും ശ്രീവാസ്തവയെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല, കെ.എസ്.എഫ്.ഇ പരിശോധനയില്‍ അദ്ദേഹത്തിന് പങ്കില്ല: മുഖ്യമന്ത്രി
കെ.എസ്.എഫ്.ഇയില്‍ നടന്ന മിന്നല്‍ പരിശോധയ്ക്ക് പിന്നിലെ രമണ്‍ ശ്രീവാസ്തവയുടെ പങ്കിനെ തള്ളി മുഖ്യമന്ത്രി.

കെ.എസ്.എഫ്.ഇയില്‍ നടന്ന മിന്നല്‍ പരിശോധയ്ക്ക് പിന്നിലെ രമണ്‍ ശ്രീവാസ്തവയുടെ പങ്കിനെ തള്ളി മുഖ്യമന്ത്രി. കെ.എസ്.എഫ്.ഇയില്‍ നടന്നത് റെയ്ഡ് അല്ലെന്നും മിന്നല്‍ പരിശോധന മാത്രമാണെന്നും ചൂണ്ടിക്കാട്ടിയതിന് ശേഷമാണ് മുഖ്യമന്ത്രി പൊലീസ് ഉപദേഷ്ടാവിന്റെ പങ്കിനെ സംബന്ധിച്ച വാദങ്ങളെ തള്ളിക്കളഞ്ഞത്.
വിജിലന്‍സിന്റെ പരിശോധനകളില്‍ അവര്‍ക്ക് അവരുടേതായ നടപടികളുണ്ട്, അതിനനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്, അതില്‍ രമണ്‍ ശ്രീവാസ്തവക്ക് ഒരു റോളുമില്ല. പൊലീസിന്റെയോ വിജിലന്‍സിന്റെയോ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട മറ്റു ദൈനംദിന കാര്യങ്ങളുമായോ ഉപദേഷ്ടാവ് എന്ന നിലക്ക് അദ്ദേഹത്തിന് യാതൊരു പങ്കുമില്ല. കെ.എസ്.എഫ്.ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ പരിശോധന രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ വാദം.
ആരും അദ്ദേഹത്തെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല, ആരും ശ്രീവാസ്തവയുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ട കാര്യവുമില്ല, ഇതാദ്യമായല്ല പരിശോധന നടക്കുന്നതെന്നും 2018 ലും 2019 ലും പരിശോധന നടന്നിട്ടുണ്ടെന്നും അവിടെ ഒന്നും ശ്രീവാസ്തവക്ക് ഒരു പങ്കും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താനും തോമസ് ഐസകും ആനത്തലവട്ടവും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുണ്ട്, മാധ്യമ സിൻഡിക്കേറ്റ് വീണ്ടും സജീവമാകന്നതിന്റെ തെളിവുകളാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയെ ചൊല്ലി നേരത്തെയും പാര്‍ട്ടിയില്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറെ വിവാദമായ പൊലീസ് ഭേദഗതി ആക്ടിന്റെ കരട് രേഖ തയ്യാറാക്കിയതും രമണ്‍ ശ്രീവാസ്തവയുടെ നേതൃത്വത്തിലായിരുന്നു.