കൊച്ചിയില്‍ കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു
അപകടത്തിൽ 25ലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ കണ്ടക്ടർ ഉൾപ്പടെ 3 പേരുടെ നില ഗുരുതരമാണ്.

കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. എറണാകുളത്ത് ചക്കരപ്പറമ്പിലാണ് അപകടം നടന്നത്. 26 യാത്രക്കാർക്ക് പരിക്കേറ്റു.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഡീലക്സാണ് പാലാരിവട്ടം ചക്കരപറമ്പിൽ അപകടത്തിൽ പെട്ടത്. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബസ് നാലുവരിപ്പാതയുടെ വശത്തുണ്ടായിരുന്നു മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ ആശുപത്രിയിൽ വെച്ച് മരിച്ചു. അപകടത്തിൽ 25ലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ കണ്ടക്ടർ ഉൾപ്പടെ 3 പേരുടെ നില ഗുരുതരമാണ്.
അപകടത്തിൽ ബസിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ മരം കടപുഴകി വീണ് അൽപ്പനേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലം ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും ഡ്രൈവർമാരുടെ ജോലിഭാരം കുറക്കുന്നതിനുളള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.