LiveTV

Live

Kerala

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ്: തോമസ് ഐസക്കിന് കടുത്ത അതൃപ്തി

കള്ളപ്പണം വെളുപ്പിച്ചുവെന്ന വിജിലൻസ് കണ്ടെത്തൽ കേന്ദ്ര ഏജൻസികൾക്കുള്ള വഴി തുറക്കലാകുമെന്ന ആശങ്കയും സർക്കാർ വൃത്തങ്ങൾ പങ്ക് വെക്കുന്നുണ്ട്.

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ്: തോമസ് ഐസക്കിന് കടുത്ത അതൃപ്തി

കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ് നടത്തിയതിൽ ധനമന്ത്രി തോമസ് ഐസക്കിന് കടുത്ത അതൃപ്തി. മുഖ്യമന്ത്രി പോലും അറിയാതെയാണോ റെയ്ഡ് നടന്നതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിച്ചുവെന്ന വിജിലൻസ് കണ്ടെത്തൽ കേന്ദ്ര ഏജൻസികൾക്കുള്ള വഴി തുറക്കലാകുമെന്ന ആശങ്കയും സർക്കാർ വൃത്തങ്ങൾ പങ്ക് വെക്കുന്നുണ്ട്.

ഓപറേഷൻ ബചത് എന്ന പേരിൽ കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ വിജിലൻസ് ഇന്നലെയാണ് പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കളളപണം വെളുപ്പിച്ചെന്നും വരെ വിജിലൻസ് കണ്ടെത്തി. കിഫ് ബിക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം കടുപ്പിച്ചിരിക്കെ സർക്കാരിന്‍റെ ഒരു ധന കാര്യ സ്ഥാപനത്തിനെതിരെ സംസ്ഥാനത്തെ ഏജൻസി തന്നെ തിരിയുന്നതിൽ കടുത്ത അതൃപ്തി ധനമന്ത്രി തോമസ് ഐസക്കിനുണ്ട്. നിയമം എന്തെന്ന്​ തീരുമാനിക്കേണ്ടത്​ വിജിലൻസല്ല എന്ന ഐസക്കിന്‍റെ വാക്കിലും അതൃപ്തി വ്യക്തമാണ്.

വിജിലൻസ് റെയ്ഡിലുള്ള അതൃപ്തി ഐസക് മുഖ്യമന്ത്രിയെ അറിയിച്ചതായും വിവരമുണ്ട്. കള്ളപ്പണം വെളുപ്പിച്ചെന്ന വിജിലൻസ് കണ്ടെത്തൽ കേന്ദ്ര ഏജൻസികൾക്കുള്ള വഴി തുറക്കലാണെന്ന വിമർശനമാണ് ധനകാര്യ വകുപ്പിനുള്ളത്. മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ റെയ്ഡ് നടന്നതെന്ന സംശയവും സർക്കാരിലേയും പാർട്ടിയിലേയും ചില കേന്ദ്രങ്ങൾ പങ്ക് വയ്ക്കുന്നു. മുഖ്യമന്ത്രിയെ അറിയാതെയാണ് റെയ്ഡ് നടന്നതെങ്കിൽ ചില വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.