LiveTV

Live

Kerala

റെയ്ഡ് സർക്കാർ അറിഞ്ഞിരുന്നോയെന്ന് വിശദീകരിക്കേണ്ടത് ആഭ്യന്തര വകുപ്പ്: തോമസ് ഐസക്

നടപടി ക്രമങ്ങൾ പാലിക്കാതെ റെയ്ഡ് നടത്തിയ വിജിലൻസ് ഔചിത്യം പാലിച്ചില്ലെന്ന് തോമസ് ഐസക്

റെയ്ഡ് സർക്കാർ അറിഞ്ഞിരുന്നോയെന്ന് വിശദീകരിക്കേണ്ടത് ആഭ്യന്തര വകുപ്പ്: തോമസ് ഐസക്

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. നടപടി ക്രമങ്ങൾ പാലിക്കാതെ റെയ്ഡ് നടത്തിയ വിജിലൻസ് ഔചിത്യം പാലിച്ചില്ലെന്ന് ഐസക് കുറ്റപ്പെടുത്തി. റെയ്ഡ് സർക്കാർ അറിഞ്ഞിരുന്നോയെന്ന് ആഭ്യന്തര വകുപ്പാണ് വിശദീകരിക്കേണ്ടതെന്നും ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു.

കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന കുറ്റപ്പെടുത്തലിനിടെ കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് റെയ്ഡിൽ കടുത്ത അതൃപ്തിയിലാണ് ധനമന്ത്രി തോമസ് ഐസക്. സി ആൻഡ് എജിയും ഫിനാൻഷ്യൽ സ്‌പെഷ്യൽ വിങ്ങും കെഎസ്എഫ്‌ഇയിൽ അന്വേഷണം നടത്തിയിരുന്നു. ഈ ഏജൻസികൾ പാലിച്ച നടപടി ക്രമങ്ങൾ പാലിക്കാതെയുള്ള വിജിലൻസ് റെയ്ഡ് നാടകമായി മാറിയെന്നാണ് ഐസക്കിന്റെ കുറ്റപ്പെടുത്തൽ.

വിജിലൻസ് നടപടി അറിഞ്ഞിരുന്നോയെന്ന് ആഭ്യന്തര വകുപ്പാണ് വിശദീകരിക്കേണ്ടത്. വിജിലൻസ് വീഴ്ച സർക്കാർ പരിശോധിക്കും. സ്വകാര്യ ലോബികൾ വിജിലൻസ് നടപടിയെ മുതലെടുക്കാനുള്ള സാധ്യതയുണ്ടെന്നും ഐസക് പറഞ്ഞു.

കെഎസ്എഫ്ഇ പൊളിയണമെങ്കില്‍ സര്‍ക്കാര്‍ പൊളിയണം. കെഎസ്എഫ്ഇയിലെ നിക്ഷേപം സുരക്ഷിതമായിരിക്കും. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും തോമസ് ഐസക് പറഞ്ഞു.