പ്രചാരണ വേദികളില്‍ വീണ്ടും സജീവ ചര്‍ച്ചയായി സോളാര്‍ കേസ്
ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ യുഡിഎഫ് ആയുധമാക്കുമ്പോൾ, പരാതിക്കാരിയുടെ തുറന്ന് പറച്ചിലുകളാണ് എൽഡിഎഫിന്റെ പിടിവള്ളി.

സോളാർ കേസ് തെരഞ്ഞെടുപ്പ് പ്രചരണ വേദികളിൽ വീണ്ടും സജീവ ചർച്ചയാകുന്നു. ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ യുഡിഎഫ് ആയുധമാക്കുമ്പോൾ, പരാതിക്കാരിയുടെ തുറന്ന് പറച്ചിലുകളാണ് എൽഡിഎഫിന്റെ പിടിവള്ളി.
കഴിഞ്ഞ നാലര വർഷക്കാലമായി തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കണ്ടുവരുന്ന ഒരു കാര്യത്തിന് മാത്രമാണ് മാറ്റമില്ലാത്തത്. സോളാർ കേസ്. എല്ലാ തവണത്തെയും പോലെ ഇത്തവണയും സോളാറിന്റെ ചൂട് തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച് തുടങ്ങിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചതിന് പിന്നാലെയാണ് ഇടത് മുന്നണിയെ വെട്ടിലാക്കി ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ വന്നത്.
ഗണേഷ് കുമാർ പറഞ്ഞിട്ടാണ് പരാതിക്കാരി യുഡിഎഫ് നേതാക്കളുടെ പേര് പറഞ്ഞതെന്ന വെളിപ്പെടുത്തൽ ഇടത് മുന്നണിയെ വെട്ടിലാക്കിയിട്ടുണ്ട്. സോളാർ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന യുഡിഎഫ് വാദത്തിന് ബലം പകരുന്നതാണ് മനോജിന്റെ വെളിപ്പെടുത്തലെന്നാണ് നേതൃത്വത്തിന്റെ വാദം. എന്നാൽ പരാതിക്കാരിയുടെ ഇപ്പോഴത്തെ നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് ഇടത് മുന്നണിയുടെ മറുപടി.