LiveTV

Live

Kerala

മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം: രമേശ് ചെന്നിത്തല

വിജിലൻസിന് വട്ടാണെന്നാണ് തോമസ് ഐസക് പറഞ്ഞത്. മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലൻസ്. അപ്പോൾ മുഖ്യമന്ത്രിക്കാണോ വട്ട്? - രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎമ്മിൽ പടയൊരുക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ധനമന്ത്രി തോമസ് ഐസക് മുഖ്യമന്ത്രിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. പൊലീസ് ആക്ടിനെതിരെ എം എ ബേബി രംഗത്തു വന്നു. കോടിയേരി ബാലകൃഷ്ണന്‍ മാറിയതോടെ സിപിഎമ്മിൽ ശക്തമായ അസ്വാരസ്യങ്ങൾ തുടങ്ങിയെന്നും ചെന്നിത്തല ആരോപിച്ചു.

വിജിലൻസിന് വട്ടാണെന്നാണ് തോമസ് ഐസക് പറഞ്ഞത്. മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലൻസ്. അപ്പോൾ മുഖ്യമന്ത്രിക്കാണോ വട്ട്? അതോ ഐസകിനോ? ഐസകിന് തന്റെ വകുപ്പിന് കീഴിൽ അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ല. കിഫ്ബിയിൽ നടക്കുന്ന അഴിമതി ചൂണ്ടിക്കാണിച്ചപ്പോൾ സിആൻഡ് എജിക്കെതിരെ ചന്ദ്രഹാസം ഇളക്കി. തെറ്റായ കാര്യമാണ് ഐസക് ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കെഎസ്എഫ്ഇ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിന്റെ വിവരങ്ങൾ വിജിലൻസ് എന്തുകൊണ്ട് പുറത്തുവിട്ടില്ലെന്നും ചെന്നിത്തല ചോദിക്കുന്നു. കെഎസ്എഫ്ഇയിൽ നടക്കുന്നത് കള്ളപ്പണം വെളുപ്പിക്കലും അഴിമതിയുമാണ്. കെഎസ്എഫ്ഇയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഇടപാടുകാരുടെ ആശങ്കകൾ അവസാനിപ്പിക്കണം. വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണെന്നും ചെന്നിത്തല അവകാശപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾ വിധി എഴുതും. കേരളത്തിൽ പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. തദ്ദേശ തെരഞ്ഞെടുപ്പോടെ ബിജെപി അസ്തമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.