വടക്കാഞ്ചേരി ലൈഫ് മിഷന് ക്രമക്കേട്: ശിവശങ്കറിന്റെയും സ്വപ്നയുടെയും വാട്സ് ആപ് ചാറ്റുകൾ വിജിലന്‍സും പരിശോധിക്കും
വാട്സ്ആപ് സന്ദേശങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചു. എന്‍.ഐ.എ കോടതിയിലാണ് വിജിലൻസ് അപേക്ഷ നൽകിയത്.

ലൈഫ് ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ വാട്സപ് ചാറ്റുകള്‍ പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്. ചാറ്റുകളുടെ പകര്‍പ്പ് തേടി അന്വേഷണസംഘം എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്കി.
വടക്കാഞ്ചേരി ലൈഫ് മിഷന് ക്രമക്കേടില്‍ പ്രതികള്‍ക്കെതിരെ നിര്‍ണ്ണായക സാക്ഷി മൊഴികള്‍ വിജിലന്‍സ് സംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍ തെളിവ് ശേഖരണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതികളുടെ വാട്സപ്പ് ചാറ്റുകള്‍ പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം.
എം ശിവശങ്കര്‍, സ്വപ്ന സുരേഷ്, ചാര്‍ട്ടേണ്ട് അക്കൌണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ വാട്സപ് ചാറ്റുകളുടെ വിവരങ്ങളാണ് പരിശോധിക്കുക. ഇതിനായി എന്‍ഐഎ കോടതിയില്‍ വിജിലന്‍സ് സംഘം അപേക്ഷ നല്കി. എന്ഫോഴ്സ്മെന്റടക്കമുള്ള കേന്ദ്രഏജന്‍സികള്‍ നേരത്തെ ഇവരുടെ വാട്സപ് ചാറ്റുകള്‍ ശേഖരിച്ച് പരിശോധിച്ചിരുന്നു. കേസിന് ബലം ലഭിക്കുന്ന തെളിവുകള്‍ ചാറ്റില്‍ നിന്ന് കണ്ടെത്താനാകുമോ എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. കോടതി അനുമതി ലഭിച്ചാല്‍ ഇവയുടെ പകര്‍പ്പുകള്‍ ശേഖരിക്കും. ഇതിന് ശേഷം ആവശ്യമെങ്കില്‍ ശിവശങ്കറിനെയടക്കം വീണ്ടും ചോദ്യം ചെയ്യാനാണ് വിജിലന്‍സ് നീക്കം.