കിഫ്ബി അഴിമതിയുടെ മോഡലാണ് വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലത്തിലെ ചെമ്പുച്ചിറ സ്കൂളെന്ന് ചെന്നിത്തല
കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലെയും സിമൻറ് അടര്‍ന്നു വീഴുന്ന സ്ഥിതിയിലാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണി നടക്കുന്നത്.

വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ മണ്ഡലമായ തൃശൂർ പുതുക്കാട് ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂൾ കെട്ടിടത്തിന്റെ നിർമാണത്തിൽ അപാകതയെന്ന് ആരോപണം. കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലെയും സിമൻറ് അടര്‍ന്നു വീഴുന്ന സ്ഥിതിയിലാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണി നടക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുണനിലവാരമില്ലെന്നും ക്രമക്കേട് ഉണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിച്ചു.
ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂളിൽ കിഫ്ബിയുടെ 3 കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പുതിയ കെട്ടിടം കാണാനെത്തിയ നാട്ടുകാരാണ് നിർമാണത്തിലെ അപാകത ആദ്യം കണ്ടത്. കിഫ്ബി അഴിമതിയുടെ മോഡലാണ് ചെമ്പുച്ചിറ സ്കൂളെന്ന് സ്ഥലം സന്ദര്‍ശിച്ച രമേശ് ചെന്നിത്തല പറഞ്ഞു.
നിർമാണത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി വിജിലൻസിന് പരാതി നല്കി. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരനോട് നിര്‍മ്മാണം നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സ്കൂള്‍ അധികൃതര്‍.