LiveTV

Live

Kerala

ചെമ്പൂച്ചിറ സ്കൂള്‍ നിര്‍മാണത്തിലെ അപാകത; അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരവ്

കിഫ്ബിയുടെ 3 കോടി രൂപയും എം.എല്‍.എ ഫണ്ടില്‍നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ചാണ് തൃശൂർ ചെമ്പൂച്ചിറ ഗവ. ഹയർ സെക്കന്ററി സ്കൂള്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്

ചെമ്പൂച്ചിറ സ്കൂള്‍ നിര്‍മാണത്തിലെ അപാകത; അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരവ്

തൃശൂർ ചെമ്പൂച്ചിറ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പാർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ.എ.എസിനോട് നിർദ്ദേശിച്ചു.

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലേയും സിമന്റ് അടര്‍ന്നുവീഴുന്ന അവസ്ഥയിലായിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന കെട്ടിടത്തിൻ്റെ നിർമാണത്തിലാണ് വ്യാപകമായ അപാകത കണ്ടെത്തിയത്. കിഫ്ബിയുടെ 3 കോടി രൂപയും എം.എല്‍.എ ഫണ്ടില്‍നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ച് നിര്‍മിച്ച, ഉദ്ഘാടനത്തിന് തയ്യാറായ സ്‌കൂള്‍ കെട്ടിടമാണ് ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരനോട് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിച്ച വിദ്യാലയമാണ് ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂൾ. പുതിയ കെട്ടിടം കാണാനെത്തിയ നാട്ടുകാരാണ് നിര്‍മ്മാണത്തിലെ അപാകത ആദ്യം ശ്രദ്ധിച്ചത്. ഒന്നു തൊട്ടാല്‍ കൈയ്യില്‍ ചുമരുകളും ബീമുകളും അടര്‍ന്നു വീഴുന്ന തരത്തിലായിരുന്നു കെട്ടിടം. മേല്‍ക്കൂര ഇടയ്ക്ക് പെയ്ത മഴയില്‍ ചോര്‍ന്നൊലിക്കുകയും ചെയ്തിരുന്നു. ഉദ്ഘാടനത്തിന് തയ്യാറായ കെട്ടിടം നിലവില്‍‍ പലയിടത്തും കുത്തിപൊളിച്ച് വീണ്ടും പുതുക്കി പണിയേണ്ട അവസ്ഥയിലാണ്. കെട്ടിട നിർമാണത്തിൽ അപാകതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ആരോപിച്ചിരുന്നു. ഓരോ നിർമാണത്തിലും ഇങ്ങനെയാണ് അഴിമതി നടക്കുന്നതെന്നും കിഫ്ബി അഴിമതിയുടെ മോഡലാണ് ചെമ്പൂച്ചിറ സ്‌കൂളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.