പരാതിക്കാരനെ അധിക്ഷേപിച്ച സംഭവം: എ.എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയപ്പോഴാണ് സുദേവനോട് നെയ്യാർ ഡാം പൊലീസിന്റെ മോശം പെരുമാറ്റം

നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരനെ അധിക്ഷേപിച്ച സംഭവത്തില്‍ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്കാണ് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയത്.

നെയ്യാര്‍ ഡാം സ്റ്റേഷനില്‍ പരാതിക്കാരനെ മകളുടെ മുന്നില്‍ വെച്ച് അധിക്ഷേപിച്ച സംഭവം പൊലീസിനാകെ നാണക്കേടാണെന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്നും വ്യക്തമാക്കുന്നതാണെന്നാണ് റെയ്ഞ്ച് ഡി.ഐ.ജി സജ്ഞയ് കുമാര്‍ ഗുരുദീപ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പരാതി പറയാനെത്തിയ സുദേവന് പ്രകോപനമുണ്ടാക്കിയെന്ന വാദം ന്യായീകരിക്കാനാകില്ല. സുദേവന്റെ പരാതിയിലെ അന്വേഷണം നടത്തിയിരുന്നത് മറ്റൊരു ഉദ്യോഗസ്ഥനാണ്. വിഷയത്തില്‍ ഗോപകുമാര്‍ ഇടപെടേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. ഡ്യൂട്ടിയിലാണെന്നിരിക്കെ ഗോപകുമാര്‍ സിവില്‍ ഡ്രസിലായിരുന്നതും ന്യായീകരിക്കാനാവില്ല. ഗോപകുമാറിന്റെ പെരുമാറ്റം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ചേര്‍ന്നതല്ല. അച്ചടക്കമുള്ള സേനയുടെ ഭാഗമാണെന്നിരിക്കെ ഇതിന് യോജിക്കാത്ത പ്രവര്‍ത്തിയാണ് ഗോപകുമാറില്‍ നിന്നുണ്ടായത്. ഗോപകുമാറിനെ നല്ലനടപ്പിനായി ബറ്റാലിയനിലേക്ക് മാറ്റിയതായും അച്ചടക്ക നടപടി തുടരുമെന്നും ഡി.ജി.പിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയപ്പോഴാണ് സുദേവനോട് നെയ്യാർ ഡാം പൊലീസിന്റെ മോശം പെരുമാറ്റം. കഴിഞ്ഞ ഞായറാഴ്ചയാണ് സുദേവൻ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. പരാതി നൽകിയിട്ടും കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും പരാതിയുമായി സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഗ്രേഡ് എ.എസ്.ഐ ഗോപകുമാർ സുദേവനോട് മോശമായി പെരുമാറി. ഈ ദൃശ്യങ്ങള്‍ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.