LiveTV

Live

Kerala

കെ.എസ്.എഫ്.ഇ ശാഖകളില്‍ റെയ്ഡ്; വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്

40 ബ്രാഞ്ചുകളിൽ നടന്ന റെയ്ഡിൽ 35 ലും ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലന്‍സ്

കെ.എസ്.എഫ്.ഇ ശാഖകളില്‍ റെയ്ഡ്; വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്

സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 35 ഇടത്ത് വ്യാപക ക്രമക്കേട് കണ്ടെത്തി. വന്‍തുക അടവുള്ള ചിട്ടികളില്‍ കള്ളപ്പണം വെളുപ്പിക്കലുള്ളതായി വിജിലന്‍സിന് സൂചന ലഭിച്ചു. തിരുവനന്തപുരത്തടക്കം കൊള്ളച്ചിട്ടികളുടെ രേഖകളും വിജിലന്‍സ് പിടിച്ചെടുത്തു. എന്നാല്‍ അനധികൃത ഇടപാടുകള്‍ നടക്കുന്നില്ലെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് പറഞ്ഞു.

കെ.എസ്.എഫ്.ഇ ചിട്ടി ഇടപാടുകളില്‍ ക്രമക്കേടുകളെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഓപ്പറേഷന്‍ ബചത് എന്ന പേരില്‍ റെയ്ഡ് നടന്നത്. സംസ്ഥാനത്തുള്ള 600 ഓളം ബ്രാഞ്ചുകളില്‍ 40 ഇടത്താണ് റെയ്ഡ് നടന്നത്. ഇതില്‍ 35 ബ്രാഞ്ചുകളിലും വ്യാപക ക്രമക്കേട് നടന്നതിന്‍റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു.

വിജിലന്‍സ് കണ്ടെത്തിയ ഗുരുതര ക്രമക്കേടുകള്‍ ഇങ്ങനെ- പലയിടത്തും മാസം 2 മുതല്‍ 9 ലക്ഷം രൂപ വരെ അടവുള്ള ചിട്ടികളില്‍ ആളുകള്‍ ചേര്‍ന്നതില്‍ സംശയം. തിരുവനന്തപുരത്ത് ആറ്റിങ്ങലിലെ പ്രധാന ബ്രാഞ്ചില്‍ ഒരാള്‍ പല ചിട്ടികളിലായി 9 ലക്ഷം രൂപ വരെ അടയ്ക്കുന്നു. മറ്റൊരാള്‍ നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ വരെ അടയ്ക്കുന്നു. തൃശ്ശൂരില്‍ 2 പേര്‍ ചേര്‍ന്ന് 20 ചിട്ടികളില്‍ ചേര്‍ന്നതായും കണ്ടെത്തി. എന്നാല്‍ കൃത്യമായ വരുമാന സ്രോതസ്സില്ലാതെ ഈ തുക അടയ്ക്കുന്നതിന് പിന്നില്‍ കള്ളപ്പണം വെളുപ്പിയ്ക്കലെന്നാണ് വിജിലന്‍സിന്‍റെ സംശയം. ചില ബ്രാഞ്ചുകളില്‍ നിയമവിരുദ്ധമായി ഡമ്മികളെ മുന്‍ നിര്‍ത്തി കൊള്ളച്ചിട്ടികളും നടക്കുന്നു. തിരുവനന്തപുരം ഹൌസിംഗ് ബോര്‍ഡ് ജംഗ്ഷനിലെ ബ്രാഞ്ചില്‍ 2 കൊള്ളചിട്ടികള്‍ കണ്ടെത്തി. മള്‍ട്ടി ഡിവിഷന്‍ ചിട്ടികളില്‍ ജീവനക്കാര്‍ തന്നെ ബിനാമി ഇടപാടുകള്‍ നടത്തുന്നു. പിരിയ്ക്കുന്ന തുക കൃത്യമായി ട്രഷറിയിലോ, ബാങ്കുകളിലോ നിക്ഷേപിക്കണമെന്നിരിക്ക ഇത് ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ലംഘിക്കുന്നു.

പ്രാഥമിക പരിശോധനയില്‍ തന്നെ ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കും. വിജിലന്‍സ് കണ്ടെത്തലുകള്‍ തള്ളി കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് രംഗത്തെത്തി.

കെ.എസ്.എഫ്.ഇയുടെ ഇടപാടുകള്‍ സുതാര്യമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വിജിലൻസ് പറയുന്നത് അസംബന്ധമാണ്. നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലൻസല്ലെന്നും അതിനിവിടെ നിയമവകുപ്പുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.