LiveTV

Live

Kerala

പഞ്ചായത്തില്‍ കോ-ലീ-ബി സഖ്യമാണെന്നാരോപിച്ച് കാസർകോട് കോൺഗ്രസ്സ് നേതാക്കള്‍ രാജിവെച്ചു

പനത്തടി പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ രാജിവെച്ച കോൺഗ്രസ്സ് നേതാക്കള്‍ സ്വതന്ത്രരായി മത്സരിക്കും

പഞ്ചായത്തില്‍ കോ-ലീ-ബി സഖ്യമാണെന്നാരോപിച്ച് കാസർകോട് കോൺഗ്രസ്സ് നേതാക്കള്‍ രാജിവെച്ചു

കാസർകോട് പനത്തടി പഞ്ചായത്തില്‍ കോ-ലീ-ബി സഖ്യമാണെന്നാരോപിച്ച് കോൺഗ്രസ്സ് നേതാക്കളുടെ രാജി. അവിശുദ്ധ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ സ്വതന്ത്രരായി മത്സരിക്കാൻ രാജിവച്ച കോൺഗ്രസ്സ് നേതാക്കളുടെ തീരുമാനം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണ് പനത്തടി പഞ്ചായത്ത് യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫ് പിടിച്ചെടുത്തത്. അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഭരണം തിരിച്ചുപിടിക്കുകയാണ് യു.ഡി.എഫിന്‍റെ ലക്ഷ്യമെന്നാണ് കോൺഗ്രസ്സ് നേതാക്കളുടെ ആരോപണം.

ആകെയുള്ള 15 വാർഡുകളിൽ 12 വാർഡുകളിലേക്കാണ് ഇത്തവണ യു.ഡി.എഫ് മത്സരിക്കുന്നത്. എന്നാൽ ഈ സീറ്റുകളിൽ ബി.ജെ.പിക്ക് സ്വന്തം ചിഹ്നത്തിൽ സ്ഥാനാർത്ഥിയില്ല. ബി.ജെ.പി മത്സരിക്കുന്ന മൂന്ന് വാർഡുകളിൽ യു.ഡി.എഫിനും സ്ഥാനാർത്ഥികളില്ല. ഇതോടെ പഞ്ചായത്തിൽ കോ-ലീ-ബി സഖ്യമാണെന്ന് ആരോപിച്ച് 2 വാർഡുകളിലെ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാർ രാജിവെച്ചു. 9, 13 വാര്‍ഡുകളിലെ പ്രസിഡണ്ടുമാരായ രജിത രാജന്‍, കെ വി ജോസഫ് എന്നിവരാണ് രാജിവെച്ചത്.

ബി.ജെ.പി ജില്ലാ നേതാവ് മത്സരിക്കുന്ന പതിനഞ്ചാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ പോലും നിർത്തിയിട്ടില്ല. ജില്ലാ കോൺഗ്രസ്സ് നേതാക്കളുടെ അറിവോടെയാണ് ബിജെപിയുമായി സഖ്യമെന്നും ആരോപണമുണ്ട്.