വടകരയില്‍ ആര്.എം.പി പ്രവര്‍ത്തകനെ സിപിഎം വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി
അപകടത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ആര്.എം.പി നേതാക്കള്‍ പറയുന്നു. അമിതിന്റെ പിതാവ് പരാതി വടകര റൂറല്‍ എസ്പിക്ക് കൈമാറി
കോഴിക്കോട് വടകര അഴിയൂരില്‍ ആര്.എം.പി പ്രവര്‍ത്തകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. കല്ലാമല സ്വദേശി അമിത് ചന്ദ്രനെ സി.പി.എം അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് ആരോപണം. അമിതിന്റെ പിതാവ് വടകര റൂറല്‍ എസ്.പിക്ക് പരാതി നൽകി.
കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്.എം.പി പ്രവര്‍ത്തകനായ വടകര കല്ലാമല സ്വദേശി അമിത് ചന്ദ്രനെ കാറിടിക്കുന്നത്. ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കാറ് കയറ്റിയെന്ന് പരാതിയില്‍ പറയുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. തുടയെല്ലുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അമിത്. അപകടത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ആര്.എം.പി നേതാക്കള്‍ പറയുന്നു. അമിതിന്റെ പിതാവ് പരാതി വടകര റൂറല്‍ എസ്പിക്ക് കൈമാറി.
ചോമ്പാല പോലീസ് അന്വേഷണം ആരംഭിച്ചു. അപകടമുണ്ടാക്കിയ വാഹനമോടിച്ചത് മുഹമ്മദ് നിഷാദാണെന്ന് പോലീസ് പറഞ്ഞു. അത്യാഹിത വിഭാഗത്തിലായതിനാല്‍ അമിതിന്റെ മൊഴി പോലീസിന് രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.