ഒരു വാര്‍ഡില്‍ രണ്ട് ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ അനുമതി; കത്തിന്റെ പകര്‍പ്പ് മീഡിയവണിന്
പെരിന്തല്‍മണ്ണ നഗരസഭയിലെ അഞ്ചാം വാര്‍ഡിലാണ് രണ്ട് മുസ്ലീംലീഗുകാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഒരേ സമയം മത്സരിക്കുന്നത്

സംസ്ഥാന വ്യാപകമായി റിബലുകളെ പുറത്താക്കുന്നതിനിടെ ഒരു വാര്‍ഡില്‍ രണ്ട് ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ മുസ്ലീംലീഗ് മലപ്പുറം ജില്ലാ കമ്മറ്റി അനുമതി നല്കി. പെരിന്തല്‍മണ്ണ നഗരസഭയിലെ അഞ്ചാം വാര്‍ഡിലാണ് രണ്ട് മുസ്ലീംലീഗുകാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഒരേ സമയം മത്സരിക്കുന്നത്.പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നല്കിയ അനുമതി കത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ജയിച്ച് വരുന്നയാളെ യു.ഡി.എഫ് അംഗമാക്കുമെന്നാണ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
ഇതുപോലൊരു കത്ത് മുസ്ലീംലീഗിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഉണ്ടാകാന്‍ സാധ്യതയില്ല. അങ്ങനെ പറയാന്‍ കാരണം ഇതിലെ വരികളാണ്.അതൊന്ന് വായിക്കാം... പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് അഞ്ചില്‍ മുസ്ലീംലീഗിന്റെ പ്രതിനിധികളായി നോമിനേഷന് നല്‍കിയിട്ടുള്ള പച്ചീരി ഹുസൈന,പട്ടാണി സറീന എന്നീ രണ്ട് പേര്‍ക്കും മത്സരിക്കുന്നതിന് അനുവാദം നല്കാന് തീരുമാനിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കമ്മിറ്റിക്ക് കത്തെഴുതിയത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍.
മുസ്ലീംലീഗ് ശാഖാ കമ്മിറ്റി ആദ്യം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് പച്ചീരി ഹുസൈന നാസറിനെയായിരുന്നു.അത് അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത മുനിസിപ്പല്‍ ലീഗ് കമ്മിറ്റി സറീന പട്ടാണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.രണ്ട് പേര്‍ക്കും നോമിനേഷനൊപ്പം നല്‍കാനുള്ള പണം സാദിഖലി തങ്ങള്‍ നല്‍കുകയും ചെയ്തു.പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ കോണി ആര്‍ക്കും കൊടുത്തിട്ടില്ല.പെരിന്തല്‍മണ്ണയിലെ മുസ്ലീംലീഗിനകത്തെ ഗ്രൂപ്പ് സമവാക്യങ്ങളാണ് കേട്ട് കേള്‍വിയില്ലാത്ത തീരുമാനമെടുക്കുന്നതിന് കാരണം.