LiveTV

Live

Kerala

പൊലീസ് ആക്ട് ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസിൽ ഗവർണറുടെ നിലപാട് നിർണായകം

വിജ്ഞാപനമിറക്കി പിറ്റേദിവസം നിയമം പിൻവലിക്കാനിടയായ സാഹചര്യം വിശദീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടാൽ സർക്കാർ പ്രതിസന്ധിയിലാവും

പൊലീസ് ആക്ട് ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസിൽ ഗവർണറുടെ നിലപാട് നിർണായകം

പൊലീസ് ആക്ട് ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസിൽ ഗവർണറുടെ നിലപാട് നിർണ്ണായകമാകും. റിപ്പീലിങ്ങ് ഓർഡിനൻസും ഗവർണർ അംഗീകരിക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. എന്നാൽ വിജ്ഞാപനമിറക്കി പിറ്റേദിവസം നിയമം പിൻവലിക്കാനിടയായ സാഹചര്യം വിശദീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടാൽ സർക്കാർ പ്രതിസന്ധിയിലാവും.

പൊലീസിന് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതും, മാധ്യമ സ്വാതന്ത്യത്തിൽ കടന്ന് കയറുന്നതുമായ പൊലീസ് ആക്ട് ഭേദഗതിക്കെതിരായ പരാതികൾ അവഗണിച്ചാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടത്. അതിന്‍റെ പിറ്റേ ദിവസം വിജ്ഞാപനമിറക്കിയെങ്കിലും 24 മണിക്കൂറിനുള്ളിൽ നിയമം പിൻവലിച്ചു. ഭേദഗതി പിൻവലിക്കാനുള്ള റിപ്പീലിങ്ങ് ഓർഡൻസിൽ ഗവർണർ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷ സർക്കാരിനുണ്ട്. വളരെ വേഗത്തിൽ നിയമം പിൻവലിക്കാനിടയായ സാഹചര്യം വിശദീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടാൽ സർക്കാർ വെട്ടിലാവും.

സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടാണ് നിയമം പിൻവലിച്ചതെങ്കിലും ഗവർണക്ക് മുന്നിൽ വിശദീകരിക്കാൻ കഴിയില്ല. സമൂഹത്തിന്‍റെ പല കോണുകളിലുണ്ടായ ആശങ്ക പരിഗണിച്ചാണ് നിയമം പിൻവലിച്ചതെന്നായിരിക്കും സർക്കാർ നിലപാട് സ്വീകരിക്കുക. ഇതിന് പകരമുള്ള പുതിയ നിയമം നിയമസഭയിൽ ചർച്ച ചെയ്ത് പാസാക്കുമെന്നറിയിക്കുമ്പോൾ ഗവർണർക്ക് ബോധ്യമാകുമെന്നും സർക്കാർ കണക്ക് കൂട്ടുന്നുണ്ട്. നിയമം പെട്ടെന്ന് പിൻവലിക്കേണ്ട ആവശ്യമുള്ളത് കൊണ്ട് ഗവർണറുടെ തീരുമാനം അധികം വൈകാൻ സാധ്യതയില്ല.

അതിനിടെ പൊലീസ് നിയമത്തിൽ കൂട്ടിച്ചേർത്ത 118 എ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദാക്കണമെുന്നാവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓർഡിനൻസ് പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അന്തിമ തീരുമാനമാകും വരെ ഓർഡിനൻസ് പ്രകാരമുള്ള നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും പരാതിയിലോ സ്വമേധയായോ ആർക്കുമെതിരെ കേസെടുക്കുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്യില്ലെന്നും സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സർക്കാരിന്‍റെ വിശദമായ നടപടികൾ അറിയിക്കാനായി കോടതി ഒരു ദിവസം സമയം അനുവദിച്ചത്.