പത്രിക പിന്‍വലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിക്കും; കോഴക്കോട്ട് സമവായ നീക്കങ്ങള്‍ സജീവം
കുന്ദമംഗലം ബ്ലോക്കിലെ രണ്ട് ഡിവിഷനില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ പിന്മാറി. യൂത്ത് ലീഗ് നേതാക്കളും സമവായത്തിന് വഴങ്ങിയേക്കും

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ ഒന്നിലേറെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പത്രിക നല്കിയ കോഴക്കോട്ട് സമവായ നീക്കങ്ങള്‍ സജീവം. കുന്ദമംഗലം ബ്ലോക്കിലെ രണ്ട് ഡിവിഷനില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ പിന്മാറി. യൂത്ത് ലീഗ് നേതാക്കളും സമവായത്തിന് വഴങ്ങിയേക്കും. മൂന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നാമനിദേശം നല്കിയ രണ്ട് ഡിവിഷനാണ് കുന്ദമംഗലം ബ്ലോക്കിലുള്ളത്. പൂവാട്ടുപറമ്പും പന്നിക്കോടും. പൂവാട്ടുപറമ്പില്‍ മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.മാധവ ദാസ് പാര്‍ട്ടി ഇടപെടലിനെ തുടര്‍ന്ന് പിന്‍വാങ്ങി.
സി.എം സദാശിവനായിരിക്കും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന് ഉറപ്പായി. എന്നാല്‍ എന്‍ അബൂബക്കര്‍ ഇപ്പോഴും പിന്മാറിയിട്ടില്ല. പന്നിക്കോട് ഡിവിഷനില്‍ കെ.പി സുഫയാന്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയാകുമെന്ന ഉറപ്പായി. ഇതോടെ ഡി.സി.സി സെക്രട്ടറി സി.ജെ ആന്റണി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി. ഐ ഗ്രൂപ്പുകാരനായ കൊടിയത്തൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് സിറാജുദ്ദീന് പിന്വാങ്ങുന്നകാര്യത്തിലും ഇന്ന് തീരുമാനമറിയാം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കൊപ്പം മേലടി ബ്ലോക്കില്‍ നാമനിര്‍ദ്ദേശം നല്കിയ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഒ.കെ ഫൈസലും പാര്‍ട്ടിയുമായി ചര്‍ച്ചയിലാണ്. സീറ്റ് ലീഗിന് ലഭിച്ചില്ലെങ്കില്‍ വിമതനായി ഉണ്ടാകില്ലെന്ന് ഫൈസല്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മേലടി ബ്ലോക്കില്‍ തന്നെ മറ്റൊരു ഡിവിഷനില്‍ മത്സരിക്കാനിറങ്ങിയ റഫീഖും പാര്‍ട്ടി തീരുമാനം അംഗീകരിക്കാമെന്ന നിലപാടിലാണ്.
നാദാപുരം പഞ്ചായത്തില്‍ നാമനിര്‍ദ്ദേശം നല്കിയ മുണ്ടോടി ബഷീറും പാര്‍ട്ടി തീരുമാനമനുസരിച്ചേ മത്സരംഗത്തുണ്ടാവൂ. എന്നാല്‍ കുന്ദമംഗലം രണ്ടാ ഡിവിഷനില്‍ യൂത്ത് ലീഗ് ദേശീയ സമിതിയംഗം യൂസുഫ് പടനിലം വിമതനായി തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പാര്‍ട്ടി യൂസുഫിനെതിരെ നടപടിയെടുക്കും. കുന്ദമംഗലം പഞ്ചയാത്തിലെ ഏഴാം വാര്‍ഡില്‍ മത്സരിക്കുന്ന ടി.ടി ഇസ്മയിലും സമവായത്തിന് വഴങ്ങിയിട്ടില്ല.
കോര്‍പറേഷനില്‍ കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ഥിയായി പരഗിണിക്കുന്ന ഡോ അജിത മത്സരിക്കുന്ന ചേവായൂര്‍ പുഷ്പ ചേവായൂര്‍ വിമതയായ തുടരാനാണ് സാധ്യത. മുന്‍ മേയര്‍ എം ഭാസ്കരന്റെ മകന് വരുണ്‍ ഭാസ്കര്‍ മത്സരിക്കുന്ന കോര്‍പ്പറേഷനിലെ കരുവുശ്ശേരി ഡിവിഷനില്‍ എല്‍.ഡി.എഫിനും വിമതശല്യമുണ്ട്. പാറാടത്ത് സുരേന്ദ്രനാണ് സ്ഥാനാര്‍ഥി. പഞ്ചായത്തുകളിലുള്ള വിമത സ്ഥാനാര്‍ഥികളെയും അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എവിടെയൊക്കെ വിമതന്മാര് ഉണ്ടാകുമെന്ന് ഇന്ന് വൈകിട്ടോടെ അറിയാം.