LiveTV

Live

Kerala

മലപ്പുറത്ത് കോൺഗ്രസിൽ കലാപം; കൊണ്ടോട്ടിയിൽ നിന്നുള്ള പ്രവർത്തകർ ഡി.സി.സി ഓഫീസിൽ പ്രതിഷേധിച്ചു

കെ.പി.സി.സി ക്ക് ഒപ്പം നിൽക്കുന്നവരെ ഡി.സി.സി നേതൃത്വം തഴഞ്ഞതായി ആക്ഷേപം

മലപ്പുറത്ത് കോൺഗ്രസിൽ കലാപം; കൊണ്ടോട്ടിയിൽ നിന്നുള്ള പ്രവർത്തകർ ഡി.സി.സി ഓഫീസിൽ പ്രതിഷേധിച്ചു

മലപ്പുറത്ത് ജില്ലാ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകരുടെ പ്രതിഷേധം. കൊണ്ടോട്ടിയിൽ വാർഡ് കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനെതിരെയാണ് പ്രതിഷേധം. വാർഡ് കമ്മിറ്റി തീരുമാനിച്ച സ്ഥാനാർഥിയെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിപ്പിക്കുമെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

സാമ്പാർ മുന്നണിയിലൂടെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് എല്‍.ഡി.എഫ് നേട്ടമുണ്ടാക്കിയത്, മുസ്‍ലിം ലീഗുമായുള്ള തർക്കമാണ് ജില്ലയിൽ എല്‍.ഡി.എഫുമായി കൈകോർക്കാൻ കോൺഗ്രസ് ജില്ലാ നേതൃത്വത്തെ പ്രേരിപ്പിച്ച ഘടകം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ 24 ത്രിതല സ്ഥാപനങ്ങളിൽ സി.പി.എം - കോൺഗ്രസ് സഖ്യം നിലനിന്നിരുന്നു. ഈ സാമ്പാർ മുന്നണികൾ ലീഗിനുണ്ടാക്കുന്ന നഷ്ടത്തേക്കാൾ ഇരട്ടി ലാഭമാണ് എല്‍.ഡി.എഫിന് ജില്ലയിലുണ്ടാക്കിയത് .

ഇത്തവണ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന്‌ ലീഗ് നേതൃത്വം ആണയിട്ട് പറയുമ്പോഴും കരുവാരക്കുണ്ട് , പൊന്മുണ്ട തുടങ്ങി ജില്ലയിൽ പലയിടത്തും UDF നകത്ത് ലീഗ് കോൺഗ്രസ് പോര് നിലനിൽക്കുന്നുണ്ട് .

'ഡിസിസി എന്ന ഹൈക്കമാൻഡ് '

കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് കഴിഞ്ഞു ഒരു വർഷത്തിന് ശേഷം എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിക്കാൻ കെ.പി.സി.സി യുടെ ഉഗ്രശാസന വന്നു , കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ സാമ്പാർ മുന്നണിയുടെ പ്രതിനിധിയായി കോൺഗ്രസിലെ നാടിക്കുട്ടിയായിരുന്നു ചെയർമാൻ . നാൽപതംഗ കൗൺസിലിൽ പത്ത് കൗൺസിലർമാർ കോൺഗ്രസിനുണ്ടായിരുന്നു. ഒരു വർഷത്തിനു ശേഷമുള്ള സി.പി.എം ബന്ധമൊഴിയാനുള്ള കെ.പി.സി.സിയുടെ ശാസന കോൺഗ്രസിലെ ഒമ്പത് കൗൺസിലർമാരും തള്ളിക്കളഞ്ഞു. കാരിമുക്ക് ഡിവിഷനിലെ കൗൺസിലർ കെ.കെ. അസ്മാബി കെ.പി.സി.സി നിർദ്ദേശം മാനിച്ചു സി.പി.എം ബന്ധമൊഴിഞ്ഞു. ഒമ്പത് നഗരസഭാംഗങ്ങളെ സസ്‌പെൻ്റ് ചെയ്ത അന്നത്തെ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസ്സൻ പാർട്ടിക്കൊപ്പം നിന്ന കെ.കെ. അസ്മാബിയെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അന്ന് കെ.പി.സി.സി നിർദേശം അംഗീകരിച്ച അസ്മാബിയെ ഇത്തവണ ഡി.സി.സി കൈവിട്ടു ,

അസ്മാബിക്കും സംഘത്തിനും ഭൂരിപക്ഷ പിന്തുണ രേഖപ്പെടുത്തിയ കാരിമുക്ക്, പൊയിലിക്കാവ് ഡിവിഷൻ കമ്മറ്റികളുടെ തീരുമാനവും, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ്റെ ശക്തമായ ഇടപെടലും തള്ളിക്കളഞ്ഞാണ് സാമ്പാർ മുന്നണിയെ കൈവിട്ട് യു.ഡി.എഫിനൊപ്പം നിന്ന മെമ്പറെയും പ്രവർത്തകരെയും ജില്ലാ നേതൃത്വം അവഗണിച്ചത്. ഇതേ അവഗണനയുടെ ഭാഗമായായാണ് കാരിമുക്കിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഇന്ന് ഡി.സി.സി ഓഫീസിൽ പ്രതിഷേധിക്കേണ്ടി വന്നത്. വാർഡ് കമ്മറ്റി വോട്ടിങ്ങിലൂടെ തെരഞ്ഞെടുത്ത സ്ഥാനാർത്ഥിയെ തള്ളികളഞ്ഞു ചർച്ചകളിൽ പോലുമില്ലാത്ത സജീവ പ്രവർത്തകൻ പോലുമല്ലാത്ത ആളെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു എന്നാണു ഒരു വിഭാഗം ആരോപിക്കുന്നത് . പ്രദേശത്തെ കെ.പി.സി.സി അംഗത്തെ പോലും മറികടന്നു മണ്ഡലം പ്രസിഡന്‍റും ഡി.സി.സി അധ്യക്ഷനും ചേർന്നാണ് ഈ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതെന്നാണ് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ പറയുന്നത് . വാർഡ് കമ്മറ്റി തീരുമാനിച്ച സ്ഥാനാർഥി റിബൽ ആയി ഡിവിഷനിൽ മത്സരിക്കുന്നുണ്ട്, തൊട്ടപ്പുറത്തെ വാർഡിൽ കഴിഞ്ഞ തവണ കൗൺസിലറായിരുന്ന കെ.കെ അസ്മാബിയും റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.കെ.പി.സി.സി തീരുമാനത്തിനും നിർദേശങ്ങൾക്കും വിരുദ്ധമായി തന്നിഷ്ട പ്രകാരമാണ് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ പ്രവർത്തനമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം.