LiveTV

Live

Kerala

രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണോ എന്നതില്‍ ആശയക്കുഴപ്പം

കോഴപ്പണം വാങ്ങിയെന്ന് പറയുന്ന സമയത്ത് രമേശ് ചെന്നിത്തല മന്ത്രിയോ പ്രതിപക്ഷ നേതാവോ അല്ലാതിരുന്നു എന്നതാണ് ഇതിന് കാരണം.

രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണോ എന്നതില്‍ ആശയക്കുഴപ്പം

ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം. കോഴപ്പണം വാങ്ങിയെന്ന് പറയുന്ന സമയത്ത് രമേശ് ചെന്നിത്തല മന്ത്രിയോ പ്രതിപക്ഷ നേതാവോ ആയിരുന്നില്ല എന്നതാണ് ഇതിന് കാരണം. സര്‍ക്കാരിന്‍റെ അപേക്ഷ ലഭിച്ചാല്‍ ഇക്കാര്യത്തില്‍ രാജ്ഭവന്‍ നിയമോപദേശം തേടിയേക്കും. ഇന്നലെ രാത്രി വൈകിയും സര്‍ക്കാരിന്‍റെ അപേക്ഷ രാജ്ഭവനില്‍ ലഭിച്ചിട്ടില്ല.

സര്‍ക്കാരിന്‍റെ അപേക്ഷ ലഭിച്ചാലും രമേശ് ചെന്നിത്തലക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തില്‍ ഗവര്‍ണർ നിയമോപദേശം തേടാനാണ് സാധ്യത. കെപിസിസി അധ്യക്ഷനായിരിക്കെ രമേശ് ചെന്നിത്തലക്ക് ഒരു കോടി രൂപ നല്‍കിയെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സിന്‍റെ ആവശ്യം. ഇതിനാണ് സര്‍ക്കാര്‍ ഗവര്‍ണറുടെ അംഗീകാരം തേടിയത്. എന്നാല്‍ ജനപ്രതിനിധി അല്ലാതിരുന്ന ഒരാൾക്കെതിരായ ആരോപണത്തിൽ അന്വേഷണം നടത്തുന്നതിൽ ഗവര്‍ണറുടെ അനുമതി ആവശ്യമാണോയെന്ന കാര്യത്തില്‍ രാജ്ഭവന് സംശയമുണ്ട്.

ജനപ്രതിനിധികൾക്കെതിരെയുള്ള അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണമെന്നാണ് അഴിമതി നിയമന നിരോധന നിയമ ഭേദഗതി പറയുന്നത്. പണം വാങ്ങിയെന്ന് ബിജു രമേശ് പറയുന്ന സമയത്ത് രമേശ് ചെന്നിത്തല മന്ത്രിയായിരുന്നില്ല. സര്‍ക്കാരിന്‍റേത് രാഷ്ട്രീയപ്രേരിത നീക്കമാണെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല നേരത്തെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ബിജു രമേശിന്‍റെ ആരോപണം വിജിലന്‍സ് തന്നെ നേരത്തെ അന്വേഷിച്ച് കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതാണെന്ന് കാണിച്ചാണ് കത്ത് നൽകിയത്. ഈ കത്തും കൂടി പരിഗണിച്ചും നിയമോപദേശം തേടിയുമാകും സര്‍ക്കാര്‍ ആവശ്യത്തില്‍ ഗവര്‍ണർ നടപടി സ്വീകരിക്കുക.

മുന്‍ മന്ത്രിമാരായ കെ.ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണത്തിന്റെ കാര്യത്തില്‍ അവ്യക്തതയില്ല. സര്‍ക്കാരിന്റെ കത്ത് ലഭിച്ചാലുടന്‍ രാജ്ഭവന്‍ അന്വേഷണത്തിന് അനുമതി നല്‍കിയേക്കും.