LiveTV

Live

Kerala

'കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ചത് എല്‍.ഡി.എഫ് പിന്തുണയോടെ‍'; കെ കെ ലതികയുടെ മതരാഷ്ട്രവാദി ആക്ഷേപത്തിന് മറുപടിയുമായി സാജിദ

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥി ആരായിരുന്നു എന്നു വെളിപ്പെടുത്താൻ കെ.കെ ലതികക്ക് ധൈര്യമുണ്ടോ എന്നാണ് സാജിദയുടെ ചോദ്യം

'കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ചത് എല്‍.ഡി.എഫ് പിന്തുണയോടെ‍'; കെ കെ ലതികയുടെ മതരാഷ്ട്രവാദി ആക്ഷേപത്തിന് മറുപടിയുമായി സാജിദ

തന്നെ മതരാഷ്ട്രവാദി എന്ന് ആക്ഷേപിച്ച സിപിഎം നേതാവ് കെ കെ ലതികക്ക് മറുപടിയുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പനയുള്ളകണ്ടി സാജിദ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥി ആരായിരുന്നു എന്നു വെളിപ്പെടുത്താൻ കെ.കെ ലതികക്ക് ധൈര്യമുണ്ടോ എന്നാണ് സാജിദയുടെ ചോദ്യം. അന്ന് വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി താൻ ജനവിധി തേടിയപ്പോൾ ഇടതുപക്ഷം പരസ്യ പിന്തുണ നൽകിയതാണെന്ന് സാജിദ പറയുന്നു. കെ കെ ലതിക തന്നെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചിരുന്നുവെന്നും സാജിദ പറയുന്നു.

'കോഴിക്കോട് ജില്ലാ പഞ്ചായത്ത് കുറ്റ്യാടി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആരാണ്? മതരാഷ്ട്രവാദി ജമാഅത്തെ ഇസ്‍ലാമി വനിതാ വിഭാഗം നേതാവ് സാജിദ'- എന്നാണ് കെ കെ ലതികയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഇതിനുള്ള മറുപടിയാണ് സാജിദ നല്‍കിയത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് കുറ്റ്യാടി ഡിവിഷൻ UDF സ്ഥാനാർത്ഥി ആരാണ് ? മത രാഷ്ട്രവാദി ജമാഅത്തെഇസ്ലാമി വനിതാ വിഭാഗം നേതാവ് സാജിത

Posted by K K Lathika on Friday, November 20, 2020

ഇടതുപക്ഷത്തിന്‍റെ പരാജയ ഭീതിയിൽ നിന്ന് ഉടലെടുത്ത ദുർബലമായ ആരോപണത്തിന് മറുപടി പറഞ്ഞ് സമയം കളയാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് സാജിദ പറഞ്ഞു. എന്നാൽ ചില കാര്യങ്ങളിൽ കെ കെ ലതിക വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സാജിദ ഇക്കാര്യങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സാജിദയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട വോട്ടർമാരേ,

ഈ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ കുറ്റ്യാടി ഡിവിഷനിൽ നിന്നും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ഞാൻ മത്സരിക്കുന്ന വിവരം അറിഞ്ഞു കാണുമല്ലോ? പ്രദേശത്തിന്റെ സമഗ്രമായ വികസനത്തിന് ഒരു മാറ്റം അനിവാര്യമാണ്. ഡിവിഷനിലെ വോട്ടർമാർ അത് ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ പിന്തുണയിൽ നാം ലക്ഷ്യം കൈവരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

എന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട മുൻ എം.എൽ.എ. ശ്രീമതി കെ.കെ ലതിക അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ ചില അഭിപ്രായ പ്രകടനങ്ങൾ നടത്തിയതായി ശ്രദ്ധയിൽപെട്ടു. ഇടതുപക്ഷത്തിന്റെ പരാജയ ഭീതിയിൽ നിന്ന് ഉടലെടുത്ത അവരുടെ ദുർബലമായ ആരോപണത്തിന് മറുപടി പറഞ്ഞ് സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ചില കാര്യങ്ങളിൽ ശ്രീമതി ലതിക വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുകയാണ്.

കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ വേളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥി ആരായിരുന്നു എന്നു വെളിപ്പെടുത്താൻ ശ്രീമതി കെ.കെ ലതികക്ക് ധൈര്യമുണ്ടോ ? ധൈര്യം വരില്ല കാരണം കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഏഴാം വാർഡിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി ഞാൻ ജനവിധി തേടിയപ്പോൾ ഇടതുപക്ഷവും എനിക്ക് പരസ്യ പിന്തുണ നൽകിയതാണ്. എനിക്ക് വേണ്ടി പരസ്യമായ പ്രചരണ പ്രവർത്തനങ്ങളും ഇടതുപക്ഷം ആ വാർഡിൽ നടത്തുകയുണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശ്രീമതി കെ കെ ലതിക തന്നെ അവിടെ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചിട്ടുണ്ട്. കൂടാതെ സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീ. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ വേളം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും സി പി എം നേതാവുമായ ശ്രീ എൻ. കെ. കാളിയത്ത് മുൻ പഞ്ചായത്ത് പ്രസിഡൻറും സിപിഎം കുന്നുമ്മൽ ഏരിയാ കമ്മിറ്റി അംഗവുമായ ശ്രീ ഇ.കെ നാണു നിലവിലെ CPM ലോക്കൽ സെക്രട്ടറി ശ്രീ. തായന രാമചന്ദ്രൻ തുടങ്ങിയ നേതാക്കൾ സജീവമായി വിവിധ പരിപാടികളിൽ പങ്കെടുക്കുകയുണ്ടായി.

കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പഞ്ചായത്തിലെ 17 വാർഡുകളിലെയും ഇടത് സ്ഥാനാർഥികളുടെയും ഇടതു പക്ഷം പിന്തുണക്കുന്ന സ്ഥാനാർഥികളുടെയും പേരും ഫോട്ടോയും സ്ഥാനാർഥിയെ പരിചയപ്പെടുത്തുന്ന കുറിപ്പും ചേർത്ത ഒരു തെരഞ്ഞെടുപ്പ് പത്രിക ഇടതു പക്ഷം പുറത്തിറക്കുകയുണ്ടായി. അതിൽ ഏഴാം വാർഡിലെ സ്ഥാനാർഥിയായി എന്റെ പേരും ഫോട്ടോയും എന്നെ പരിചയപ്പെടുത്തുന്ന കുറിപ്പും കാണാം. നിഷേധിക്കാൻ ഇടതു പക്ഷത്തിന് കഴിയില്ല.

തെരഞ്ഞെടുപ്പ് ദിവസം എതിരാളികൾ രാഷ്ട്രീയ സംഘർഷം സൃഷ്ടിച്ചിരുന്നു. അതിൽ പ്രതിഷേധിച്ച് വേളം ശാന്തിനഗറിൽ സർവ്വകക്ഷി പ്രതിഷേധ യോഗം സംഘടിപ്പിക്കുകയുണ്ടായി. വെൽഫെയർ പാർട്ടിയും ഇടതുപക്ഷവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. CPM , CPI, NCP , വെൽഫെയർ പാർട്ടി പ്രതിനിധികളാണ് അതിൽ സംസാരിച്ചത്. ഈ യോഗം ഉദ്ഘാടനം ചെയ്തത് ശ്രീമതി കെ. കെ ലതികയാണ്.

പ്രിയ വോട്ടർമാരേ,നിങ്ങൾക്കിടയിൽ പൊതുപ്രവർത്തന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടാറുള്ള പൊതുപ്രവർത്തകയാണ് ഞാൻ. നീർകുമിളയുടെ ആയുസില്ലാത്ത ആരോപണങ്ങളിൽ നിങ്ങൾ വഞ്ചിതരാവില്ല എന്ന ബോധ്യം എനിക്കുണ്ട്. ഈ തെരഞ്ഞെടുപ്പിൽ നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി എന്നെയും യു.ഡി.എഫ് സ്ഥാനാർഥികളേയും വിജയിപ്പിക്കണമെന്ന് ഒരിക്കൽ കൂടി അപേക്ഷിക്കുന്നു.

പ്രിയപ്പെട്ട വോട്ടർമാരേ, ഈ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ...

Posted by Panayulla Kandy Sajida on Saturday, November 21, 2020