LiveTV

Live

Kerala

രജിസ്ട്രാര്‍ സ്ഥിര നിയമനം; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിന്‍റെ മിനുട്സ് ഹാജരാക്കണമെന്ന് ഹൈക്കോടതി

സെപ്തംബർ ഒമ്പതിലെ യോഗത്തിന്‍റെ മിനുട്സാണ് ഹാജരാക്കേണ്ടത്


രജിസ്ട്രാര്‍ സ്ഥിര നിയമനം; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിന്‍റെ മിനുട്സ് ഹാജരാക്കണമെന്ന് ഹൈക്കോടതി

കാലിക്കറ്റ് സർവകലാശാലയിൽ രജിസ്ട്രാർ സ്ഥിരനിയമനത്തിന് തീരുമാനമെടുത്ത സിൻഡിക്കേറ്റ് യോഗത്തിന്‍റെ മിനുട്സ് ഹാജരാക്കണമെന്ന് ഹൈക്കോടതി. സെപ്തംബർ ഒമ്പതിലെ യോഗത്തിന്‍റെ മിനുട്സാണ് ഹാജരാക്കേണ്ടത്. രജിസ്ട്രാര്‍ നിയമനം സംബന്ധിച്ച വൈസ് ചാനസലര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിക്കവെയാണ് കോടതി നിർദേശം. സെപ്തംബര്‍ 9 ലെ സിന്‍ഡിക്കേറ്റില്‍ നിയമന തീരുമാനമെടുത്തില്ലെന്ന വാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടത്.

രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ തസ്തികയിലെ സ്ഥിരനിയമനം ചോദ്യം ചെയ്ത് സെനറ്റംഗം സി.രാജേഷ് നല്‍കിയ ഹരജിയിലാണ് ഹൈകോടതി കൂടുതല് പരിശോധനയിലേക്ക് കടക്കുന്നത്. സെപ്തംബര്‍ 9 ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് പ്രധാന തസ്തികയിലേക്ക് സ്ഥിര നിയമനത്തിന് തീരുമാനമെടുത്തതെന്നാണ് യൂണിവേഴ്സിറ്റി കോടതിയെ അറിയിച്ചത്. സിന്‍ഡിക്കേറ്റംഗങ്ങള്‍ ഇത് നിഷേധിച്ചതിനെ തുടര്‍ന്ന് വിസിയോടു തന്നെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. സെപ്തംബര്‍ 9 ലെ സിന്‍ഡിക്കേറ്റ് യോഗത്തിലെ ചര്‍ച്ചയെ തുടര്‍ന്ന് നിയമന നടപടിയിലേക്ക് പോയി എന്നാണ് വി സി നല്കിയ സത്യവാങ്മൂലത്തിലുള്ളത്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി വന്നോ എന്ന് വ്യക്തത വരാത്ത സാഹചര്യത്തിലാണ് സിന്‍ഡിക്കേറ്റ് യോഗത്തിന്‍റെ അജണ്ടയും മിനിറ്റ്സും നടപടി റിപ്പോര്‍ട്ടും ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.

കാണുന്നതിനേക്കാല്‍ കൂടുതല്‍ കാര്യം ഈ വിഷയത്തിലുണ്ടെന്ന് കരുതേണ്ടിവരുമെന്നും കോടതി വിധിയില്‍ നിരീക്ഷിക്കുന്നുണ്ട്. സ്ഥിരനിയമനത്തിന് യൂണിവേഴ്സിറ്റിക്ക് അധികാരമുണ്ടെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചോ എന്നാണ് ഹൈക്കോടതി പരിശോധിക്കുന്നത്. സിന്‍ഡിക്കേറ്റ് രേഖകള്‍ ആവശ്യപ്പെട്ട നടപടിയെ വി സി സത്യവാങ്മൂലത്തിലുള്ള കോടതിയുടെ അവിശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.