LiveTV

Live

Kerala

പ്രതിരോധകോട്ടയില്‍ ലീഗ്; ഇനിയും നടപടികളുണ്ടാകുമെന്ന് പേടി

സാമ്പത്തിക തട്ടിപ്പിന്‍റെ പേരിലാണ് എം.സി കമറുദ്ദീന്‍ അഴിക്കുള്ളിലായതെങ്കില്‍ അഴിമതിയാണ് വി.കെ ഇബ്രാഹിംകുഞ്ഞിനെ ജയിലിലാക്കിയത്.

പ്രതിരോധകോട്ടയില്‍ ലീഗ്; ഇനിയും നടപടികളുണ്ടാകുമെന്ന് പേടി

എം.സി കമറുദ്ദീന് പിന്നാലെ വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ കൂടി ജയിലിലായതോടെ മുസ്ലീംലിഗ് നേതൃത്വം കടുത്ത പ്രതിരോധത്തില്‍. എന്‍ഫോഴ്സ്മെന്‍റ് ഡയരക്ട്രേറ്റിന്‍റെ ചോദ്യം ചെയ്യല്‍ ഭീഷണിയില്‍ കെ.എം ഷാജി നില്‍ക്കുന്നത് ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയിട്ടും പ്രതിരോധിക്കാന്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നില്ലെന്ന പരിഭവത്തിലാണ് ലീഗ് നേതൃത്വം.

സാമ്പത്തിക തട്ടിപ്പിന്‍റെ പേരിലാണ് എം.സി കമറുദ്ദീന്‍ അഴിക്കുള്ളിലായതെങ്കില്‍ അഴിമതിയാണ് വി.കെ ഇബ്രാഹിംകുഞ്ഞിനെ ജയിലിലാക്കിയത്. കെ.എം ഷാജിയിലേക്ക് വിജിലന്‍സ് ഉടനെത്തുമെന്ന ഭയം നേതാക്കള്‍ക്കുണ്ട്. പ്രതിരോധം തീര്‍ക്കേണ്ട ചുമതല ലീഗിന് മേല്‍ മാത്രം ചുരുങ്ങിയെന്ന തോന്നല്‍ കൂടുതല്‍ ദൗര്‍ബല്യത്തിലാക്കുന്നു. വികെ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചതിന് പിന്നില്‍ ലീഗിനുള്ളിലെ ഗ്രൂപ്പ് പോരാണെന്ന തിരിച്ചറിവും നേതാക്കള്‍ പരസ്പരം പങ്കുവെക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ രാഷ്ടീയ എതിരാളികളോട് മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തകരോട് പോലും പറഞ്ഞ് നില്‍ക്കാന്‍ പെടാപ്പാട്പെടുന്ന അവസ്ഥ. രാഷ്ട്രീയത്തിനപ്പുറം സിപിഎം നേതാക്കളുമായി ചില ലീഗ് നേതാക്കള്‍ക്കുള്ള ബന്ധം ഇബ്രാഹിംകുഞ്ഞിന്‍റെ രക്ഷക്കെത്തുമെന്ന അടക്കം പറച്ചില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്നു.അത് കൂടിയാണ് ഇപ്പോള്‍ തകര്‍ന്ന് വീണത്. ലീഗിനെ പ്രതിരോധത്തിലാക്കി വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുകയാണ് സിപിഎമ്മിന്‍റെ ലക്ഷ്യമെന്ന നിലപാടിലാണ് നേതാക്കള്‍.