LiveTV

Live

Kerala

കെ.എ.എസ് മൂല്യനിർണയ അട്ടിമറി: പുനപരീക്ഷ നടത്തണം - വെൽഫെയർ പാർട്ടി

എന്നാൽ ഇത് തിരിച്ചറിഞ്ഞിട്ടും പി.എസ്.സിയിലെ പിൻവാതിൽ നിയമനവും സ്വജനപക്ഷപാതവും തുടർക്കഥയാവുകയാണ്

കെ.എ.എസ് മൂല്യനിർണയ അട്ടിമറി: പുനപരീക്ഷ നടത്തണം - വെൽഫെയർ പാർട്ടി

കെ.എ.എസ് പരീക്ഷയിൽ അട്ടിമറി നടന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികളുടെ ഭാവിയെ കണക്കിലെടുത്ത് പുനപരീക്ഷ നടത്താൻ അധികൃതർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പറഞ്ഞു. പി.എസ്.സിയിൽ അടുത്ത കാലത്ത് നടന്നു വരുന്ന വിവിധ അട്ടിമറികളുടെ തുടർച്ചയാണ് കെ.എ.എസ് പരീക്ഷയിൽ സംഭവിച്ച ക്രമക്കേട്. ഉദ്യോഗാർത്ഥികളായ യുവാക്കൾക്ക് പി.എസ്.സിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കെ.എ.എസിലെ വ്യത്യസ്ത സ്ട്രീമുകളിലെ സംവരണ അട്ടിമറിക്കെതിരെ വിവിധ സംഘടനകളും ഉദ്യോഗാർത്ഥികളും നടത്തിയ പോരാട്ടത്തിന് ഒടുവിലാണ് സംവരണം നടപ്പിലാക്കാൻ ഇടതു സർക്കാർ തയ്യാറായത്.

യൂണിവേഴ്സിറ്റി കോളേജിൽ നടന്ന കൊലപാതക ശ്രമത്തെ തുടർന്നുണ്ടായ വിവിധ അന്വേഷണങ്ങളിൽ നസീമും ശിവരഞ്ജിത്തും അടക്കമുള്ള സിപിഎം ഗുണ്ടകൾ പി.എസ്.സി പരീക്ഷയിൽ ഇടതു യൂണിയനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്രമക്കേട് നടത്തിയത് തെളിവു സഹിതം പുറത്തുവന്നതാണ്. എന്നാൽ ഇത് തിരിച്ചറിഞ്ഞിട്ടും പി.എസ്.സിയിലെ പിൻവാതിൽ നിയമനവും സ്വജനപക്ഷപാതവും തുടർക്കഥയാവുകയാണ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ ഭാവി ഇല്ലാതാക്കുന്ന അവസ്ഥയിലാണ് ക്രമക്കേടുകൾ എത്തിനിൽക്കുന്നത്. കെ.എ.എസ് പരീക്ഷയിൽ നടന്ന ക്രമക്കേടിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും അധികൃതർ തയ്യാറാകണം. ഇടതു സർക്കാർ യുവാക്കളോട് കാണിക്കുന്ന വഞ്ചനക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.