LiveTV

Live

Kerala

രണ്ടില രണ്ട് പേര്‍ക്കുമില്ല; പി ജെ ജോസഫിന് ചെണ്ട, ജോസ് കെ മാണിക്ക് ടേബിള്‍ ഫാന്‍

തെരഞ്ഞെടുപ്പിന് മുന്‍പ് ഹൈക്കോടതി വിധി വരാന്‍ സാധ്യതയില്ലാത്തതിനാൽ രണ്ട് പാർട്ടികള്‍ക്കും രണ്ടില ചിഹ്നമില്ലാതെ ശക്തി തെളിയിക്കേണ്ട അവസ്ഥയാണുള്ളത്.

രണ്ടില രണ്ട് പേര്‍ക്കുമില്ല; പി ജെ ജോസഫിന് ചെണ്ട, ജോസ് കെ മാണിക്ക് ടേബിള്‍ ഫാന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ലഭിക്കാത്തത് പി ജെ ജോസഫിനും ജോസ് കെ മാണിക്കും ഒരുപോലെ തിരിച്ചടിയാകും. തെരഞ്ഞെടുപ്പിന് മുന്‍പ് ഹൈക്കോടതി വിധി വരാന്‍ സാധ്യതയില്ലാത്തതിനാൽ രണ്ട് പാർട്ടികള്‍ക്കും രണ്ടില ചിഹ്നമില്ലാതെ ശക്തി തെളിയിക്കേണ്ട അവസ്ഥയാണുള്ളത്. പി ജെ ജോസഫിന് ചെണ്ടയും ജോസ് കെ മാണിക്ക് ടേബിള്‍ ഫാനുമാണ് കമ്മീഷന്‍ അനുവദിച്ചിരിക്കുന്ന ചിഹ്നം.

പി.ജെ.ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും 'രണ്ടില' ചിഹ്നം തങ്ങൾക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് ചിഹ്നം മരവിപ്പിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചപ്പോള്‍ രാഷ്ട്രീയ മേല്‍ക്കൈ നേടിയെങ്കിലും കമ്മീഷന്‍ തീരുമാനത്തിന് കോടതി സ്റ്റേ അനുവദിച്ചതോടെ ജോസിന് തിരിച്ചടിയായി.

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുഖമുദ്രയായ രണ്ടിലയില്ലാത്തത് രണ്ട് പാര്‍ട്ടികളെ സംബന്ധിച്ചും തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ പ്രശ്നം സൃഷ്ടിക്കും. ജോസിന് രണ്ടില ലഭിച്ചത് അനുകൂലമായി കണ്ട ഇടത് മുന്നണിക്കും നിരാശയാണിപ്പോള്‍. ജോസിന് ചിഹ്നം കിട്ടാത്തതിന്റെ ആശ്വാസം പി ജെ ജോസഫിനുണ്ട്. ചിഹ്നം ലഭിക്കാതെ പാലായില്‍ തോല്‍വി ഏറ്റ് വാങ്ങേണ്ടി വന്ന ജോസ് വിഭാഗത്തിന് രണ്ടിലയില്ലാതെ ഇടത് മുന്നണിക്ക് മുന്നില്‍ ശക്തി തെളിയിക്കേണ്ട അവസ്ഥ നിലവിലുണ്ട്.

രണ്ടിലയില്ലെങ്കിലും തങ്ങള്‍ക്കും അണികളുണ്ടെന്ന് യുഡിഎഫിന് മുന്നില്‍ ബോധ്യപ്പെടുത്തേണ്ട അവസ്ഥ ജോസഫിന്. ചുരുക്കത്തില്‍ ചെണ്ടയും ടേബിള്‍ ഫാനും ജോസഫിനും ജോസിനും അഭിമാനത്തിന്‍റെ കൂടി ചിഹ്നങ്ങളാണ്.