LiveTV

Live

Kerala

അറസ്റ്റ് വിവരം ചോര്‍ന്നെന്ന് സൂചന; നാടകീയ രംഗങ്ങള്‍

തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്ക് പുറപ്പെട്ടു.

അറസ്റ്റ് വിവരം ചോര്‍ന്നെന്ന് സൂചന; നാടകീയ രംഗങ്ങള്‍

മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിന് മുന്നോടിയായി നടന്നത് നാടകീയ നീക്കങ്ങള്‍. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ വിജിലന്‍സ് സംഘത്തിന് ഇബ്രാഹിംകുഞ്ഞിനെ കാണാന്‍ കഴിഞ്ഞില്ല. ആശുപത്രിയിലാണെന്നാണ് കുടുംബം നല്‍കിയ വിവരം. വിജിലന്‍സ് നീക്കം പൊളിഞ്ഞത് അറസ്റ്റ് വിവരം ചോര്‍ന്നതിനാലാണെന്ന് സൂചന.

അതിനിടെ വിജിലന്‍സിലെ ഒരു സംഘം ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. 10.25ഓടെ അറസ്റ്റ് രേഖപ്പെടുത്തി. ഐസിയുവിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

പാലാരിവട്ടം കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. കേസില്‍ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിലായിരുന്നു. പാലാരിവട്ടം പാലം നിർമാണത്തിന് മുൻകൂർ പണം നൽകിയത് മന്ത്രിയുടെ ഉത്തരവിൻമേലാണെന്നാണ് പാലം നിർമാണ അഴിമതിക്കേസിൽ അറസ്റ്റിലായ ടി.ഒ സൂരജ് വെളിപ്പെടുത്തിയത്.

മുസ്‍ലിം ലീഗിന്‍റെ അടിയന്തര നേതൃയോഗം മലപ്പുറത്ത് ചേര്‍ന്നു. ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിന് പിന്നാലെയാണ് യോഗം. വിജിലന്‍സിന്‍റേത് രാഷ്ട്രീയ നീക്കമാണെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമായ അറസ്റ്റ് എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എല്‍ഡിഎഫ് കൺവീനർ നേരത്തെ പറഞ്ഞതിനനുസരിച്ചു ലിസ്റ്റ് ഇട്ട് അറസ്റ്റ് ചെയ്യുന്നു. അന്വേഷണം കഴിഞ്ഞു കുറേ കാലത്തിന് ശേഷമാണ് അറസ്റ്റ്. സർക്കാർ പ്രതിസന്ധിയിലായ ഘട്ടത്തിൽ ബാലൻസ് ചെയ്യാൻ വേണ്ടി നടത്തിയ നാടകമാണിതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്ക് പുറപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ എസ് ചെറുന്നിയൂർ ആണ് ഹാജരാവുക. അതേസമയം കോടതിയില്‍ ഹാജരാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് തീരുമാനിക്കുക.