വിജിലന്‍സിനെ ഉപയോഗിച്ച് പ്രതികാരം, പിന്നില്‍ മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ്
നിയമം പിണറായിയുടെ വഴിയേ പോകുന്നുവെന്ന് രമേശ് ചെന്നിത്തല

വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് കോണ്‍ഗ്രസ്. വിജിലൻസിനെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്നും പിന്നില്‍ മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ദുരുദ്ദേശത്തോടെ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുന്നു. ഇബ്രാഹിംകുഞ്ഞ് തെറ്റ് ചെയ്തിട്ടില്ല. വഴിവിട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരും. നിയമപരമായും രാഷ്ട്രീയമായും നേരിടും. നിയമം പിണറായിയുടെ വഴിയേ പോകുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ കേസ് സർക്കാരിന് തന്നെ തിരിച്ചടിയാവും. പാലാരിവട്ടം പാലത്തിന്റെ നിർമാണം 30 ശതമാനം നടന്നത് ഈ സർക്കാരിന്റെ കാലത്താണ്. പാലം നിർമിച്ച കമ്പനി അഴിമതി നടത്തിയെങ്കിൽ വീണ്ടും അതേ കമ്പനിക്ക് തന്നെ ഈ സർക്കാർ കരാറുകൾ നൽകുന്നത് എന്തുകൊണ്ടാണെന്നും അവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്താണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമായ അറസ്റ്റാണ് ഇബ്രാഹിംകുഞ്ഞിന്റേതെന്ന് മുസ്ലിം ലീഗും പ്രതികരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ നേരത്തെ പറഞ്ഞതിനനുസരിച്ച് ലിസ്റ്റ് ഇട്ട് അറസ്റ്റ് ചെയ്യുകയാണ്. മുന്‍പ് വിശദമായ അന്വേഷണം നടന്നപ്പോൾ അറസ്റ്റില്ലായിരുന്നു. അന്വേഷണം കഴിഞ്ഞു കുറേ കാലത്തിന് ശേഷം അറസ്റ്റ് ചെയ്യുന്നു. സർക്കാർ പ്രതിസന്ധിയിലായ ഘട്ടത്തിൽ ബാലൻസ് ചെയ്യാൻ വേണ്ടി നടത്തിയ നാടകമാണിതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.