LiveTV

Live

Kerala

തിരുവല്ലയില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം

നിർമ്മാണ തൊഴിലാളിയായ തമിഴ്നാട് സ്വദേശി പൈങ്കുളം തേന്മാര വിളയിൽ ജഗൻ തൗസി മുത്തു ആണ് മരിച്ചത്

തിരുവല്ലയില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട തിരുവല്ലയില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ഒന്നാം നിലയുടെ ഒരു ഭാഗം ഇടിഞ്ഞു യുവാവിന് ദാരുണാന്ത്യം. നിർമ്മാണ തൊഴിലാളിയായ തമിഴ്നാട് സ്വദേശി പൈങ്കുളം തേന്മാര വിളയിൽ ജഗൻ തൗസി മുത്തു ആണ് മരിച്ചത്. അപകടത്തില്‍പെട്ട മറ്റൊരു തൊഴിലാളി സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മാർത്താണ്ഡം സ്വദേശി ശ്യാം ആണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. തിരുവല്ല പാലിയേക്കര ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപം നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്‍റെ ഒന്നാം നിലയുടെ ഒരു ഭാഗത്തെ മേൽക്കൂരയാണ് ഇടിഞ്ഞു വീണത്. ഇന്നലെ വൈകിട്ട് നാലേകാലോടെ ആയിരുന്നു അപകടം.

രണ്ടാഴ്ച മുമ്പ് നടത്തിയ കോൺക്രീറ്റിന്‍റെ തട്ട് പൊളിക്കുന്നതിനിടെ മേൽക്കൂര ഒരു വശത്തേക്ക് തകർന്ന് വീഴുകയായിരുന്നു. തകർന്നു വീണ മേൽക്കൂരയുടെ സ്ലാബിനിടയിൽ ജഗൻ കുടുങ്ങുകയായിരുന്നു. തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ പതിനഞ്ച് പേരടങ്ങുന്ന അഗ്നിശമന സേന രണ്ട് മണിക്കൂറോളം നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് ജഗന്‍റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.